| Monday, 22nd August 2022, 1:57 pm

ടീസ്ത സെതല്‍വാദിന്റെ ജാമ്യം; ഗുജറാത്ത് സര്‍ക്കാരിനോട് പ്രതികരണം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന് ജാമ്യം അനുവദിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി. ജാമ്യം ആവശ്യപ്പെട്ട് ടീസ്ത സെതല്‍വാദ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹരജി ഓഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘നിരപരാധികളായ’വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. സമാനകേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ആര്‍.ബി. ശ്രീകുമാറിന്റേയും ടീസ്ത സെതല്‍വാദിന്റേയും ജാമ്യഹരജികള്‍ അലഹബാദ് കോടതി തള്ളിയിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ടീസ്തയ്ക്കും ശ്രീകുമാറിനും ജാമ്യം നല്‍കുന്നത് വഴി ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് തുടര്‍ക്കഥയാകുമെന്നും കോടതി ജാമ്യം റദ്ദാക്കിക്കൊണ്ട് പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസില്‍ മോദിയടക്കമുള്ളവര്‍ക്ക് പങ്കില്ലെന്ന എസ്.ഐ.ടി കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.
ഐ.പി.സി 194, 468 വകുപ്പുകള്‍ പ്രകാരം ടീസ്തയും ശ്രീകുമാറും  ജയിലിലാണ്.

നേരത്തെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ആര്‍.ബി. ശ്രീകുമാര്‍ അസംതൃപ്തനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ആര്‍.ബി. ശ്രീകുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹരജിക്കെതിരെയായിരുന്നു സംഘത്തിന്റെ സത്യവാങ്മൂലം.

ഗുജറാത്ത് കലാപകേസില്‍ നിലവിലെ പ്രധാനമന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇവരുടെ അറസ്റ്റ്. സുപ്രീം കോടതി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ക്ലീന്‍ ചിറ്റ് നല്‍കിയ വിധി വന്നതിന് പിന്നാലെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹരജി കോടതി നിരസിക്കുകയായിരുന്നു.

2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മോദിക്കെതിരെയുള്ള ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വിശദീകരിച്ചത്.

ശ്രീകുമാറും സംഘവും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും ടീസ്തയ്ക്കും സ്ഞ്ജീവ് ഭട്ടിനും വിഷയത്തില്‍ പങ്കാളിത്തമുണ്ടെന്നും, ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവത്തിന് ശേഷമുള്ള ദിവസങ്ങളില്‍ തന്നെ ശ്രീകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയെന്നും എസ്.ഐ.ടി അന്ന് ആരോപിച്ചിരുന്നു.

Content Highlight: Supreme court seeks gujarat government’s response in bail plea by teesta setalvad

We use cookies to give you the best possible experience. Learn more