| Tuesday, 12th November 2024, 4:07 pm

അനധികൃതമായി ദർഗ തകർത്തുവെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജി; ഗുജറാത്ത് അധികൃതരുടെ പ്രതികരണം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സോമനാഥിലെ ദർഗ അനധികൃതമായി തകർത്തുവെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജിയിൽ ഗുജറാത്ത് അധികൃതരുടെ പ്രതികരണം തേടി സുപ്രീം കോടതി.

പിർ ഹാജി മംഗ്രോളി ഷാ ദർഗ അനധികൃതമായി തകർത്തുവെന്നാരോപിച്ച് ഗുജറാത്ത് അധികാരികൾക്കെതിരെ സുമ്മസ്ത് പട്‌നി മുസ്‌ലിം ജമാഅത്ത് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി പ്രതികരണം ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിസംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കുന്നതാണ്.

പൊതു ഭൂമികളിൽ അല്ലാത്ത കെട്ടിടങ്ങൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ പ്രത്യേക അനുമതി വേണമെന്ന കോടതിയുടെ ഓർഡർ ലംഘിക്കുന്നതാണ് ഈ നടപടി. കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും മുസ്‌ലിങ്ങളുടെ മതപരമായ സ്ഥലങ്ങളും പാർപ്പിട സ്ഥലങ്ങളും ഗുജറാത്ത് അധികാരികൾ നിയമവിരുദ്ധമായി തകർത്തുവെന്നാരോപിച്ച് സുമ്മസ്ത് പട്‌നി മുസ്‌ലിം ജമാഅത്ത് കോടതിയലക്ഷ്യ ഹരജി സമർപ്പിക്കുകയായിരുന്നു.

ദർഗ മതപരവും ആത്മീയവുമായി വലിയ പ്രാധാന്യം ഉള്ളതാണെന്നും പുരാതന സ്മാരക നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഹരജിക്കാരൻ പറയുന്നു. എന്നാൽ പൊലീസ് വൻ സന്നാഹത്തോടെ എത്തി ദർഗ തകർക്കുകയായിരുന്നു.

കൂടാതെ ദർഗ പൊളിക്കുന്നത് തടയാൻ, ആളുകൾ ബുൾഡോസറുകൾക്ക് മുന്നിൽ കിടക്കുകയും ചെയ്തിരുന്നു. . എന്നാൽ, പൊലീസ് അവരെ ക്രൂരമായി മർദിച്ചു.

1922 മുതൽ ഹാജി മംഗ്രോളി ഷായുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലമാണിതെന്നും ഹരജിയിൽ പറയുന്നുണ്ട്. ഗുജറാത്തിലെ പുരാവസ്തു വകുപ്പിലെ അഡീഷണൽ ആർക്കിയോളജിസ്റ്റിൻ്റെ ഓഫീസ് ദർഗയെ സംസ്ഥാന സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Content Highlight: Supreme Court Seeks Gujarat Authorities’ Response On Contempt Petition Alleging Illegal Demolition Of Dargah In Somnath

Latest Stories

We use cookies to give you the best possible experience. Learn more