ന്യൂദല്‍ഹി: കൊവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി സുപ്രീംകോടതി.
എങ്ങനെയാണ് ഗുണഭോക്താക്കളെ തിരിച്ചറിയുക, പദ്ധതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ കേരളം, ദല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികള്‍ക്ക് സഹായം നല്‍കുമെന്ന് ശനിയാഴ്ചയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കൊവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോള്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും.അഞ്ചു വര്‍ഷത്തേക്കാണ് പ്രതിമാസ സ്‌റ്റൈപന്‍ഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കുക.
കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കുമെന്നും സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Supreme Court Seeks Details Of Centre’s Scheme For Covid Orphans