| Monday, 5th December 2022, 6:30 pm

ദാനം ചെയ്യുന്നത് നല്ല കാര്യം, പക്ഷേ ലക്ഷ്യം മതപരിവര്‍ത്തനമാകരുതെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം ഗൗരവകരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

ദാനം ചെയ്യുന്നത് നല്ല കാര്യം ആണെങ്കിലും ലക്ഷ്യം മതപരിവര്‍ത്തനം ആകരുതെന്നും കോടതി നിര്‍ദേശിച്ചു. ഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച ശേഷം വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

മതപരിവര്‍ത്തനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളിലുള്ള സംവിധാനങ്ങള്‍ അറിയിക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹരജി ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സുപ്രീം കോടതി കഴിഞ്ഞ മാസവും ശക്തമായ നിലപാടെടുത്തിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമേറിയ വിഷയമാണെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

മതം മാറാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ഉളള അവകാശം ആര്‍ക്കും നല്‍കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെയും സുപ്രീം കോടതിയില്‍ ഹരജി നിലവിലുണ്ട്. ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെ എന്‍.ജി.ഒ ആയ ജസ്റ്റീസ് ആന്റ് പീസ് നല്‍കിയ ഹരജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.

അതേസമയം, ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. എന്നാല്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള അധികാരമില്ലെന്നും വ്യക്തമാക്കി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഒമ്പത് സംസ്ഥാനങ്ങള്‍ ഇതിനോടകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമങ്ങള്‍ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടന്‍ നായരാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

അഭിഭാഷകനും ബി.ജെ.പി. നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ് ആയിരുന്നു ഹരജി സമര്‍പ്പിച്ചത്. മതപരിവര്‍ത്തനം രാജ്യവ്യാപകമായ പ്രശ്‌നമാണെന്നും ഉടനടി നടപടി വേണമെന്നും അശ്വിനി കുമാര്‍ അഭ്യര്‍ഥിച്ചിരുന്നു.

ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നല്‍കിയും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ റിപ്പോര്‍ട്ടും ബില്ലും തയാറാക്കാന്‍ ലോ കമീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയിലുണ്ടായിരുന്നു. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും ഹരജിയില്‍ പറയുന്നു.

Content Highlight: Supreme Court seeks detailed affidavit from Central Government on Religious Conversion

We use cookies to give you the best possible experience. Learn more