| Wednesday, 23rd April 2014, 5:44 pm

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. അമിക്കസ് ക്യൂറിയെ നിയമിച്ചത് സുപ്രീം കോടതിയാണെന്നും അതിനാല്‍ അമിക്കസ് ക്യൂറിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും  അമിക്കസ് ക്യൂറിയോട് അപമര്യാദയായി പെരുമാറരുതെന്നും രാജകുടുംബത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസില്‍ കോടതി നാളെ ഇടക്കാല ഉത്തരവിറക്കും.

റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്ന പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളിലാണ് അടിയന്തര നടപടി വേണ്ടതെന്ന് ജസ്റ്റീസ് ആര്‍.എം ലോധയുടെ ബെഞ്ച് നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍ ജില്ല ജഡ്ജിയെയോ ജഡ്ജി നിര്‍ദേശിക്കുന്ന ജുഡീഷ്യല്‍ ഓഫീസറെയോ നിയമിക്കണമെന്ന നിര്‍ദേശം ഉചിതമാണെന്ന് കോടതി വ്യക്തമാക്കി.

മൂന്ന് ദിവസത്തിലൊരിക്കല്‍ കാണിക്കകള്‍ എണ്ണിതിട്ടപ്പെടുത്തണമെന്നും സ്വര്‍ണ്ണവും വെള്ളിയും പ്രത്യേകം തരംതിരിക്കണമെന്നതുമാണ് രണ്ടാമത്തെ നിര്‍ദേശം. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചുപിടിക്കണം, ക്ഷേത്രത്തിലെ ഭക്തര്‍ക്ക് പുറത്ത് തയ്യാറാക്കിയ പ്രസാദം വിതരണം ചെയ്യുന്നത് തുടരണോ, പത്മതീര്തഥം വൃത്തിയാക്കാല്‍ എന്നിവയാണ് മറ്റ് പ്രധാന കാര്യങ്ങള്‍.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും അമിക്കസ് ക്യൂറി കമാന്റോ ആണോ എന്നും രാജകുടുംബത്തിന് വേണ്ടി ഹാജറായ അഭിഭാഷകന്‍ വിമര്‍ശിച്ചു. എന്നാല്‍ താന്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.  അമിക്കസ് ക്യൂറിയുടെ നിര്‍ദേശപ്രകാരമാണ് കോടതി പത്മതീര്‍ത്ഥക്കുളം വൃത്തിയാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അതേസമയം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താല്‍ക്കാലിക ഭരണസമിതിയെ ഏല്‍പ്പിക്കണമെന്ന അമിക്കസ്‌ക്യൂറി ശുപാര്‍ശയെ എതിര്‍ത്ത് ദേവസ്വം മാതൃകയിലുള്ള ഭരണസംവിധാനമാണു പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് ആവശ്യമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.

We use cookies to give you the best possible experience. Learn more