ന്യൂദല്‍ഹി: 2022ലെ നീറ്റ് പി.ജി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി. കുറച്ച് പേരുടെ മാത്രം പ്രശ്‌നം കാരണം ആയിരക്കണക്കിന് കുട്ടികള്‍ വലിയ തയാറെടുപ്പ് നടത്തി കാത്തിരിക്കുന്ന പരീക്ഷ നീട്ടിവെക്കാന്‍ പറ്റില്ല, എന്നാണ് കോടതി നിരീക്ഷിച്ചത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നയിച്ച രണ്ടംഗ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. പരീക്ഷ മാറ്റി വെച്ചാല്‍ അത് അനാവശ്യമായ ആശയക്കുഴപ്പത്തിനും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവത്തിനും കാരണമാകുമെന്നും വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു.
പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യങ്ങള്‍ വന്നതോടെയാണ് കോടതിയില്‍ വിഷയത്തില്‍ ഹരജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ അപെക്‌സ് കോര്‍ട്ടിലായിരുന്നു ഹരജി സമര്‍പ്പിച്ചത്.