ന്യൂദല്‍ഹി: 10 വര്‍ഷമായിട്ടും ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കാത്ത യു.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
അലഹബാദ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാത്തതിനായിരുന്ന സുപ്രീം കോടതിയുടെ വിമര്‍ശനം.
‘വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക. നിങ്ങളെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞങ്ങളത് ചെയ്യും. നിങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് ഇവരെ തടവില്‍ വെക്കാന്‍ കഴിയില്ല’- കോടതി പറഞ്ഞു.
അടുത്ത മാസം 17നായിരിക്കും കോടതി സംഭവത്തില്‍ അടുത്ത വാദം കേള്‍ക്കുക.
നിരവധി വിചാരണത്തടവുകാര്‍ 15 വര്‍ഷമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്നുണ്ടെന്നും ഹരജിക്കാരന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. 853 വിചാരണത്തടവുകാരാണ് പത്ത് വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
പത്ത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കണമെന്നും അവരുടെ ഹരജിയില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നും മേയ് ഒമ്പതിന് അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Content Highlight; Supreme court says UP government should give bail to under trails