ന്യൂദല്‍ഹി: യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന് അവസാന വര്‍ഷ പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി. സെപ്തംബര്‍ 30നകം യു.ജി.സി ഉത്തരവ് അനുസരിച്ച് എല്ലാ സര്‍വ്വകലാശാലകളും അവസാനവര്‍ഷ പരീക്ഷകള്‍ നടത്തട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരീക്ഷാ ഇളവുകള്‍ക്കും മാറ്റിവെക്കാനും സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
യു.ജി.സി തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. യു.ജി.സി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാല്‍ പരീക്ഷ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും ആദിത്യ താക്കറെയുടെപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് യു.ജി.സി കോടതിയെ അറിയിച്ചത്.
എന്നാല്‍ പരീക്ഷ നടത്തുന്നതിന് എതിരായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ ഉണ്ട്. എന്നാല്‍ മുന്‍ പരീക്ഷകളുടെ പ്രകടനം വിലയിരുത്തി വിദ്യാര്‍ത്ഥികളെ ജയിപ്പക്കണമെന്ന് നിര്‍ദേശിക്കാന്‍ ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നേരത്തെ ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ക്കെതിരെ ഏഴ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കമുള്ള ഏഴ് സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക