അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം; സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ സുപ്രീം കോടതി
national news
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം; സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 2:36 pm

ന്യൂദല്‍ഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മന്ത്രി ദുരുപയോഗം ചെയ്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉദയനിധിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് തമിഴ്നാട്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.

ഉദയനിധി ഒരു സാധാരണ പൗരനല്ലെന്നും സംസ്ഥാനത്തെ മന്ത്രിയാണെന്നും ചില വിഷയങ്ങളിലെ അനന്തരഫലങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 15ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ ഉന്‍മൂലനം ചെയ്ത മാതൃകയില്‍ സനാതന ധര്‍മത്തെ തുടച്ചുനീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. സനാതനം എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നതെന്നും സംസ്‌കൃതം തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സനാതനം ശാശ്വതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് വലിയ പ്രതിഷേധവും ഉദയനിധി സ്റ്റാലിന്റെ തലക്ക് വിലയിട്ടുകൊണ്ടുള്ള പ്രസ്താവനകളും വന്നിരുന്നു. പരാമര്‍ശത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 183 എ, 295, 504 എന്നീ വകുപ്പുകള്‍ പ്രകാരം ഉദയനിധിക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 250ലേറെ പേര്‍ ഉദയനിധിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു.

Content Highlight: Supreme Court says Udayanidhi misuse freedom of expression