ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും ബലാത്സംഗമാണ്; മാരിറ്റല്‍ റേപ്പിനെ കുറിച്ച് സുപ്രീം കോടതി
national news
ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും ബലാത്സംഗമാണ്; മാരിറ്റല്‍ റേപ്പിനെ കുറിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 12:23 pm

ന്യൂദല്‍ഹി: റേപ്പ് (Rape) എന്ന പദത്തിന് മാരിറ്റല്‍ റേപ്പ് (Marital Rape) എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. നേരത്തെ അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനോട് കൂട്ടിച്ചേര്‍ത്താണ് വൈവാഹിക ബലാത്സംഗത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമര്‍ശം.

ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയരാക്കിയ സ്ത്രീകളും ലൈംഗിക അതിക്രമം അതിജീവിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എം.ടി.പി) നിയമത്തിലെ 3 ബി (എ) പ്രകാരമാണ് ഇതെന്നും കോടതി വ്യക്തമാക്കി.

അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. 20 മുതല്‍ 24 ആഴ്ച വരെയുള്ള ഭ്രൂണത്തെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന നിലവിലെ നിയമത്തിന്റെ പരിധിയില്‍ അവിവാഹിതരും ഉള്‍പ്പെടുന്നുവെന്നും കോടതി പറഞ്ഞു.

ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായ എല്ലാ സ്ത്രീകള്‍ക്കും ഈ വിധി ബാധകമായിരിക്കുമെന്നും വിവാഹം അതിനുള്ള മാനദണ്ഡമാകില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്.

ലിവ്-ഇന്‍-റിലേഷന്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2021ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എം.ടി.പി) നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മില്‍ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ ഭേദഗതി പ്രകാരം അവിവാഹിതരായ സ്ത്രീകളും വിവാഹിതരും തമ്മിലുള്ള കൃത്രിമ അന്തരം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തിലെ റൂള്‍ 3 ബി (സി)യില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്ന് സ്റ്റീരിയോട്ടൈപ്പ് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഭരണഘടനക്ക് എതിരാണെന്നും കോടതി പറഞ്ഞു.

Content Highlight: Supreme court says the word rape means marital rape too