ന്യൂദല്‍ഹി: പൊതുനന്മക്കായി എല്ലാ സ്വകാര്യഭൂമികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കാമെന്ന വിധി റദ്ദാക്കിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
എല്ലാ സ്വകാര്യസ്വത്തുക്കളും ഭൗതിക വിഭവങ്ങളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ 1978ലെ വിധിയാണ് കോടതി റദ്ദാക്കിയത്. ഒമ്പതംഗ ബെഞ്ചിലെ ഏഴ് പേരും വിധി റദ്ദാക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി.വി. നഗരത്‌ന, സുധാൻഷു ധൂലിയ എന്നിവരാണ് ഭിന്നിവിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ജെ.ബി. പർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് തുടങ്ങിയവരും ചീഫ് ജസ്റ്റിസും വിധി റദ്ദാക്കുന്നതിനെ അനുകൂലിക്കുകയും ചെയ്തു.
1978ലെ വിധി സാധാരണക്കാര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും ഭരണഘടനാ ബെഞ്ച് പറഞ്ഞു.
നേരത്തെ പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. 1978ലെ വിധിയില്‍ പറയുന്നത് പ്രകാരം, സ്വകാര്യഭൂമികള്‍ പൊതുനന്മക്കായി ഏറ്റെടുക്കാനാകില്ലെന്നാണ് ഭൂരിഭാഗം സംസ്ഥാന സര്‍ക്കാരുകളും അറിയിച്ചത്.
എല്ലാ സ്വകാര്യഭൂമികളും ഭൗതിക വിഭവങ്ങളാണോ എന്ന ചോദ്യം ഉന്നയിച്ച് 1992ല്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജികളിലാണ് കോടതിയുടെ ചരിത്രപരമായ വിധി.
1992ല്‍ ഫയല്‍ ചെയ്ത ഹരജി പിന്നീട് 2002ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നിലധികം നിയമതടസങ്ങള്‍ക്ക് ഒടുവില്‍ 2024ലാണ് ഹരജി പരിഗണിച്ചത്.
Content Highlight: Supreme court says states cannot acquire private land for public good