ന്യൂദല്‍ഹി: ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനം അനുവദിക്കാന്‍ 6 മാസത്തെ പുനര്‍വിചിന്തനസമയം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇത് തീരുമാനിക്കാന്‍ വിവാഹമോചനക്കേസ് പരിഗണിക്കുന്ന ജഡ്ജിയ്ക്ക് തീരുമാനമെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.
എട്ടു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണെന്നും പുനര്‍ വിചിന്തനസമയം ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
“വകുപ്പ് 13 ബി(2) ല്‍ പറഞ്ഞപ്രകാരം 6 മാസത്തെ കാലയളവ് നിര്‍ബന്ധമല്ല. ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യവും പരിശോധിച്ച് കോടതിയുടെ വിവേചനാധികാരമുപയോഗിച്ച് ഇത് തീരുമാനിക്കാം.”
1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ആറുമാസമുള്ള കാലാവധിക്കുള്ളില്‍ ദമ്പതികള്‍ തമ്മില്‍ യോജിപ്പിലെത്തിയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വിവാഹമോചനം അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കോടതിക്ക് ആറു മാസത്തില്‍ ഇളവ് അനുവദിക്കാം. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ആദ്യ ഹര്‍ജി ഫയല്‍ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ആറ് മാസത്തെ കാലാവധി ഒഴിവാക്കാനായുള്ള അപേക്ഷ കൊടുക്കാം.
ബന്ധം സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കാമെന്നും യോജിച്ചു പോകാനാവില്ലെന്നു ഉറപ്പായാല്‍ വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനത്തിലെത്തിയ ശേഷമായിരിക്കണം പുനര്‍വിചിന്തന സമയം അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍.