'ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം'; വിധി നടപ്പാക്കാത്തവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്ന് സുപ്രീം കോടതി
national news
'ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം'; വിധി നടപ്പാക്കാത്തവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th February 2020, 11:55 am

ന്യൂദല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വിധി കര്‍ശനമായി നടപ്പിലാക്കണമെന്ന് സുപ്രീം കോടതി. വിധി നടപ്പാക്കാത്ത പാര്‍ട്ടികള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ തന്നെ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയാണെങ്കില്‍ അവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ വിധി നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി പ്രവര്‍ത്തകയായ അശ്വിനി ഉപാധ്യായ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ 72 മണിക്കൂറിനകം സ്ഥാനാര്‍ത്ഥികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് കൊണ്ട് അവരെ സ്ഥാനാര്‍ത്ഥിയാക്കി എന്നതു സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ആവര്‍ത്തിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിലൊക്കെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.