ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടിനോ പ്രസംഗത്തിനോ കൈക്കൂലി വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീം കോടതി. എം.പിമാരോ എം.എല്‍.എമാരോ കൈക്കൂലി വാങ്ങിയാല്‍ അഴിമതി നിരോധന നിയമ പ്രകാരം വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി ഏഴംഗ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചത്. വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി നരസിംഹ റാവു കേസില്‍ 1998ലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
എം.പിമാര്‍ക്കോ എം.എല്‍.എമാര്‍ക്കോ പ്രത്യേക പരിരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും വിചാരണയില്‍ നിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി.
കൈക്കൂലി വാങ്ങുന്നതിന് നിയമപരമായ സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങുന്നത് ശിക്ഷാര്‍ഹമായ കാര്യമാണ്. 1998ലെ വിധി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105, 194 എന്നിവക്ക് വിരുദ്ധമാണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നിയമസഭയില്‍ വിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാനോ പ്രസംഗിക്കാനോ എം.എല്‍.എയോ എം.പിയോ കൈക്കൂലി വാങ്ങിയാല്‍ വിചാരണ നടപടിയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്.
ഭരണഘടനയുടെ 105-ാം അനുഛേദവും 194-ാം അനുഛേദവും സഭയില്‍ ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതിനുള്ള പ്രത്യേക അവകാശമാണ് നല്‍കുന്നത്. എന്നാല്‍ സഭയില്‍ വോട്ട് ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ കൈക്കൂലി വാങ്ങിയാല്‍ ഈ രണ്ട് അനുഛേദങ്ങള്‍ വഴി അംഗങ്ങളെ വിചാരണ നടപടിയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Contant Highlight: Supreme Court says no immunity from prosecution to MPs, MLAs, overrules 1998 PV Narasimha Rao verdict