ന്യൂദല്‍ഹി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നാല്‍ കഴിവ് മാത്രമല്ല വ്യക്തിത്വവും ഉള്ളവരായിരിക്കണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സ്വയം ബുള്‍ഡോസ് ചെയ്യപ്പെടാന്‍ അനുവദിക്കാത്തവരായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സംവിധാനത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ പരിഗണിച്ചുകൊണ്ട് കെ.എം. ജോസഫ്, അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേഷ് റോയ്, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.
അന്തരിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷനെ കുറിച്ച് വിധി പ്രസ്താവത്തില്‍ ബെഞ്ച് സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയില്‍ നിഷ്പക്ഷത ഉറപ്പാക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും കോടതി ചൊവ്വാഴ്ച മുന്നോട്ടുവെച്ചു.
”കഴിവിന് പുറമെ, നല്ല വ്യക്തിത്വമുള്ള ഒരാളായിരിക്കണം ഈ സ്ഥാനത്തുണ്ടാകേണ്ടത് എന്നതാണ് കൂടുതല്‍ പ്രധാനം. സ്വയം ബുള്‍ഡോസ് ചെയ്യപ്പെടാന്‍ അനുവദിക്കാത്ത ഒരാള്‍.
അപ്പോള്‍ ഈ വ്യക്തിയെ ആര് നിയമിക്കും എന്നതാണ് അടുത്ത ചോദ്യം.
നിയമന സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യമുള്ളപ്പോള്‍ അവിടെ മറ്റ് കടന്നുകയറ്റങ്ങള്‍ നടക്കുന്നത് ഏറ്റവും കുറവായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ‘ഇനിയൊരു കുഴപ്പവും സംഭവിക്കില്ല’ എന്ന സന്ദേശമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.
നമുക്ക് ഈ സ്ഥാനത്തേക്ക് ഏറ്റവും നല്ല വ്യക്തിയെയാണ് വേണ്ടത്. അക്കാര്യത്തില്‍ ഒരു അഭിപ്രായവ്യത്യാസവും പാടില്ല. ജഡ്ജിമാര്‍ക്ക് വരെ മുന്‍ധാരണകളുണ്ട് പക്ഷെ കുറഞ്ഞപക്ഷം അവര്‍ക്ക് നിഷ്പക്ഷതയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം,” ജസ്റ്റിസ് ജോസഫ് പറഞ്ഞു.
‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിരവധിപേര്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ടി.എന്‍. ശേഷനെ പോലുള്ളവര്‍ വല്ലപ്പോഴുമേ സംഭവിക്കൂ,’ എന്നും ബെഞ്ച് നിരീക്ഷിച്ചു.
The Chief Election Commissioner And Other Election Commissioners (Conditions Of Service) Act, 1991 പ്രകാരം ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ കാലാവധി ആറ് വര്‍ഷമാണെങ്കിലും 2004ന് ശേഷം ഇതുവരെ ആരും സ്ഥാനത്ത് കാലാവധി തികച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും ചുമലില്‍ വിപുലമായ അധികാരങ്ങളാണ് ഭരണഘടന വെച്ചുനല്‍കിയിട്ടുള്ളതെന്നും കോടതിയുടെ നിരീക്ഷണത്തില്‍ പറയുന്നു.
അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച നിരവധി പരിഷ്‌കാരങ്ങള്‍ തുടക്കമിട്ടത് ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെയാണ്.
കാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷന്‍ 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്.
Content Highlight: Supreme Court says need Chief Election Commissioner who can’t be bulldozed and T.N. Seshan happens once in a while