| Saturday, 12th December 2020, 8:27 am

'പാര്‍ലമെന്റിനോട് ഉത്തരവിടാന്‍ കോടതിക്കാവില്ല'; ഉട്ടോപ്യന്‍ ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമൂഹത്തിലെ എല്ലാ തിന്മകളും തുടച്ചുനീക്കാനുള്ള കടമ ജുഡീഷ്യറിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് സുപ്രീം കോടതി. ഉട്ടോപ്യന്‍ ആവശ്യങ്ങളുമായെത്തുന്ന ഹരജികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുക്കൊണ്ടുള്ള രണ്ട് പൊതുഹരജികള്‍ പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

കള്ളപ്പണം, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിക്കല്‍, ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം ജീവപര്യന്തം തടവ് ശിക്ഷ ആവശ്യപ്പെട്ടുക്കൊണ്ടാണ് അഡ്വ.അശ്വിനി ഉപധ്യായ് ആദ്യ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഈ കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ഹരജിയില്‍ ഹാജരായ സീനിയര്‍ അഡ്വ.ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു.

ഹരജിയില്‍ പറയുന്ന ചില കാര്യങ്ങള്‍ വാസ്തവമാണെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഏത് ശിക്ഷ നല്‍കണമെന്ന് പാര്‍ലമെന്റിനോട് പറയാന്‍ കോടതിക്കാവില്ലെന്ന് കോടതി വ്യക്തമാക്കി.

‘കോടതികള്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. പാര്‍ലമെന്റാണ് നിയമം ഉണ്ടാക്കേണ്ടത്. നിയമം ഉണ്ടാക്കണമെന്ന് പാര്‍ലമെന്റിന് ഉത്തരവ് നല്‍കാന്‍ കോടതിക്കാവില്ല. സമൂഹത്തിലെ എല്ലാ തിന്മകളും തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം കോടതിക്ക് മാത്രമല്ല ഉള്ളത്. എക്‌സിക്യൂട്ടീവിനും ലെജിസ്ലേറ്റീവിനും കൃത്യമായ ഉത്തരവാദിത്തമുണ്ട്. ജുഡീഷ്യറിക്ക് ഈ എല്ലാ റോളുകളും ഏറ്റെടുത്ത് ചെയ്യാനാവില്ല. ഭരണഘടന അത് പറയുന്നില്ല. അത് അത്ര അഭികാമ്യവുമല്ല.’ ജസ്റ്റിസ് സഞ്ജയ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ക്രിമിനല്‍ സംഘങ്ങളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിവാക്കുന്ന 1993ലെ വോഹ്‌റ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുസരിച്ച് അന്വേഷണ നടപടികള്‍ വേണമെന്നായിരുന്നു അഡ്വ. അശ്വിനിയുടെ അടുത്ത ഹരജിയിലെ ആവശ്യം. ഇതും സുപ്രീം കോടതി തള്ളി.

‘നിങ്ങള്‍ ഇങ്ങനെയുള്ള ഓരോ ആവശ്യങ്ങളുമായി ഹരജി കൊണ്ടുവരുന്നതിലും നല്ലത് ഇതുവെച്ച് പുസ്തകം എഴുതുന്നതാണ്. സര്‍ക്കാരിന് ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന ഹരജികള്‍ പരിഗണിക്കാം. പക്ഷെ അതിന് ഇത്തരം ഉട്ടോപ്യന്‍ ആവശ്യങ്ങളുമായല്ല വരേണ്ടത്.’

കോടതിയുടെ മറുപടി വന്നതിന് പിന്നാലെ രണ്ട് ഹരജികളും അഡ്വ.അശ്വിനി പിന്‍വലിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Supreme Court says it cannot entertain pleas with Utopian needs

We use cookies to give you the best possible experience. Learn more