അമിത ഉപാധികളോടെ ജാമ്യം അനുവദിക്കുന്നത് ജാമ്യം നിഷേധിക്കേുന്നതിന് തുല്ല്യം: സുപ്രീം കോടതി
national news
അമിത ഉപാധികളോടെ ജാമ്യം അനുവദിക്കുന്നത് ജാമ്യം നിഷേധിക്കേുന്നതിന് തുല്ല്യം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 9:05 am

ന്യൂദല്‍ഹി: നിറവേറ്റാന്‍ പറ്റാത്ത വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുന്നത് ജാമ്യം നിഷേധിക്കുന്നതിന് തുല്ല്യമാണെന്ന് സുപ്രീം കോടതി. ജാമ്യക്കാരന് താങ്ങാന്‍ പറ്റാത്ത ഉപാധികള്‍ വെച്ച് ജാമ്യം നല്‍കുന്നത് ഇടത് കൈകൊണ്ട് കൊടുത്ത് വലത് കൈകൊണ്ട് തിരിച്ച് എടുക്കുന്നതിന് തുല്ല്യമാണെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഉപാധികള്‍ വെക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി.

കേരളം, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ കേസുള്ള ഗിരീഷ് ഗാന്ധിയുടെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈക്കാര്യം ചൂണ്ടിക്കാട്ടിയത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ജാമ്യം ലഭിച്ചിട്ടും ഓരോ ജാമ്യത്തിനും വ്യത്യസ്ഥ ഉറപ്പ് കെട്ടി വെക്കാന്‍ കഴിയാത്തതിനാന്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു ഹര്‍ജിക്കാരന്‍.

കേരളത്തിലേയും ഹരിയാനയിലേയും കേസുകളില്‍ ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞെങ്കിലും പ്രത്യേക ജാമ്യവ്യവസ്ഥകള്‍ ആവശ്യപ്പെട്ട സംസ്ഥാനങ്ങളില്‍ ഹര്‍ജിക്കാരന് അത് പാലിക്കാന്‍ പ്രതിക്ക് സാധിച്ചില്ല.

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടതോടെ സ്വന്തം പേരില്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ആള്‍ ജാമ്യത്തില്‍ ഗിരീഷ് ഗാന്ധിയെ മോചിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘പണ്ട് മുതലെ അമിതമായ ജാമ്യവ്യവസ്ഥകളോട് കൂടിയ ജാമ്യം നിലവില്ല എന്നതാണ് തത്വം. അതിനാല്‍ ആദ്യം ജാമ്യം അനുവദിച്ച് പിന്നെ കഠിനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ പറയുന്നത് വലത് കൈകൊണ്ട് നല്‍കി ഇടത് കൈകൊണ്ട് തിരിച്ചെടുക്കുന്നതിന് തുല്ല്യമാണ്,’ ബെഞ്ച് വ്യക്തമാക്കി.

ഉത്തരവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഷുവറിറ്റി(ഉറപ്പ്) എന്ന വാക്കിന്റെ അര്‍ത്ഥം കോടതി ഉദ്ധരിക്കുകയും ജാമ്യം ലഭിക്കുന്നതിനായി പ്രതികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

വിചാരണ വേളയില്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി അതൊരിക്കലും ജാമ്യം നല്‍കുന്നതിനുള്ള തടസ്സമല്ലെന്നും ചൂണ്ടിക്കാട്ടി.

ഉറപ്പുകള്‍ കെട്ടിവെക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി ,അതേസമയം ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ബാധ്യതയും കോടതിക്കുണ്ടെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചു.

 

Content Highlight: Supreme Court says excessive bail is no bail