ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിനു കനത്ത തിരിച്ചടിയി സുപ്രീം കോടതി വിധി. സംസ്ഥാനം ഭരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍, ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായതില്‍ കൂടുതല്‍ സമയം ഗവര്‍ണര്‍ എടുക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ദല്‍ഹിയിലെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് അധികാരത്തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
“ദല്‍ഹിയുടെ അവസാന വാക്ക് എന്ന് പറയുന്നത് ഗവര്‍ണര്‍ തന്നെയാണ്. 39, 239 എ.എ എന്നീ ഭരണഘടനാ വകുപ്പുകളും ദേശീയ തലസ്ഥാനമേഖല ഡല്‍ഹി ആക്ട് 1991, 1993 ലെ ദല്‍ഹി സര്‍ക്കാര്‍ ഭരണനിര്‍വഹണച്ചട്ടം തുടങ്ങിയവയും അനുസരിച്ച് ലഫ്. ഗവര്‍ണറാണ് ഭരണത്തലവനെന്ന് പറയുന്നുണ്ട്.”
“അതിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ഈ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാണ്. ഭൂമി, പൊലീസ്, പൊതുഭരണം എന്നിവയൊന്നും തന്നെ മുഖ്യമന്ത്രിക്ക് കീഴില്‍ അല്ല” – ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍ അധികാരമില്ലാത്ത ഒരു സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു. പാര്‍ലമന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യുന്നതെന്നും അധികാരം കൈയിലില്ലാതെ ഒരു സര്‍ക്കാര്‍ എന്താണ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.
“ദല്‍ഹിയിലെ നിയമം അനുസരിച്ച് ഗവര്‍ണര്‍ പൂര്‍ണ അധികാരിയായിരിക്കാം. എന്നാല്‍, കേന്ദ്രഭരണ പ്രദേശമായ ദല്‍ഹിയില്‍ നിയമം നിര്‍മാണത്തിനായി ഒരു നിയമസഭയുണ്ട്. എന്നിട്ടും പൊലീസും ക്രമസമാധാനപാലനവും കേന്ദ്രത്തിന് കീഴില്‍ ആണെന്നും” സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമന വിഷയത്തിലും സ്ഥലമാറ്റത്തിലും ലഫ്. ഗവര്‍ണറുമായി സര്‍ക്കാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോഴായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഭരണത്തലന്‍ ഗവര്‍ണറാണെന്നായിരുന്നു ഹൈക്കോടതി വിധി.
കഴിഞ്ഞ ആഗസ്റ്റ് നാലിനായിരുന്നു ഹൈക്കോടതി ദല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് വിധി പ്രസ്താവിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയും സര്‍ക്കാരിനെതിരെ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.