ന്യൂദല്‍ഹി: ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കിടണമെന്ന് പ്രതികളോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജാമ്യ വ്യവസ്ഥയില്‍ ഈ ആവശ്യം ഉന്നയിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് നേരിട്ട് എത്തിനോക്കാന്‍ പൊലീസിന് കഴിയുന്ന ഒരു വ്യവസ്ഥ ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യത്തിനായുള്ള ഉപാധികള്‍ ജാമ്യത്തിന്റെ ഉദ്ദേശത്തെ ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മയക്കുമരുന്ന് കേസില്‍ പ്രതിയായ നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് വിറ്റസ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്.
‘പ്രതികളെ നിരന്തരമായി നിരീക്ഷിക്കാനും പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാനും പൊലീസിനെ പ്രാപ്തരാക്കുന്ന ഒരു ജാമ്യ വ്യവസ്ഥയും ഉണ്ടാകില്ല,’ ജസ്റ്റിസ് അഭയ് എസ്. ഓക്ക പറഞ്ഞു.
2022ല്‍ ആണ് ഉത്തരവിനാസ്പദമായ ദല്‍ഹി ഹൈക്കോടതിയുടെ നടപടി. മയക്കുമരുന്ന് കേസിലെ പ്രതികളോടും കൂട്ടുപ്രതികളോടും അവരുടെ ഗൂഗിള്‍ മാപ്പ് ലോക്കേഷന്‍ അന്വേഷണ സംഘവുമായി പങ്കിടാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികള്‍ ഇന്ത്യ വിടില്ലെന്നും വിചാരണ കോടതിയെ സമീപിക്കില്ലെന്നും ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് നൈജീരിയന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് സുപ്രീം കോടതിയുടെ നിലവിലെ വിമര്‍ശനം. വിമര്‍ശനത്തിന് പിന്നാലെ ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകളും സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. കൂടാതെ, ലൊക്കേഷന്‍ പങ്കിടുന്നതിന്റെ സൈബര്‍ നടപടികള്‍ വിശദീകരിക്കാന്‍ ഗൂഗിള്‍ ഇന്ത്യയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
Content Highlight: Supreme court says Courts cannot ask accused to share Google Maps location with police as part of bail conditions