| Saturday, 7th January 2023, 9:29 am

'സുപ്രീംകോടതിയിലും കൈ കടത്താന്‍ കേന്ദ്ര സര്‍ക്കാര്‍'; ജഡ്ജിമാരെ നിര്‍ദേശിച്ചതായി വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജുഡീഷ്യറി സംവിധാനത്തിലും ജഡ്ജിമാരുടെ നിയമനത്തിലും കേന്ദ്ര സര്‍ക്കാര്‍ കൈ കടത്താന്‍ ശ്രമിക്കുന്നതായി സുപ്രീംകോടതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതില്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചിലരുടെ പേരുകള്‍ നിര്‍ദേശിച്ചിരുന്നതായാണ് സുപ്രീംകോടതി വെളിപ്പെടുത്തിയത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ കൊളീജിയം ശിപാര്‍ശകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ (Sanjay Kishan Kaul) അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശിപാര്‍ശകള്‍ നടപ്പിലാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ കേന്ദ്രത്തിനെതിരായ വെളിപ്പെടുത്തല്‍.

ജഡ്ജി നിയമനത്തില്‍ കൊളീജിയം ശിപാര്‍ശ ചെയ്ത ചില പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചിരുന്നു. ഇക്കാര്യം അറ്റോര്‍ണി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കേന്ദ്രം ചിലരുടെ പേരുകള്‍ കൊളീജിയത്തോട് ഇങ്ങോട്ട് നിര്‍ദേശിച്ചുവെന്ന് ജസ്റ്റിസ് കൗള്‍ വെളിപ്പെടുത്തിയത്.

”ജഡ്ജിമാരാക്കാന്‍ നിര്‍ദേശമുയര്‍ന്ന ചില പേരുകള്‍ കൊളീജിയം അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാരിന് സ്വന്തം വിവേകമനുസരിച്ച് പരിഗണിക്കാന്‍ തോന്നിയ പേരുകളായിരുന്നു അത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ആ പേരുകള്‍ ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കൊളീജിയത്തിന് അറിയേണ്ടതുണ്ട്,” ജസ്റ്റിസ് കൗള്‍ പറഞ്ഞു.

അതേസമയം, കൊളീജിയം തുടര്‍ച്ചയായി ശിപാര്‍ശ ചെയ്തിട്ടും പേരുകള്‍ കേന്ദ്രം അംഗീകരിക്കാതെ തിരിച്ചയച്ച കാര്യത്തില്‍ ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞില്ല. പകരം വിഷയത്തില്‍ തീരുമാനമെടുക്കുന്നത് കൊളീജിയത്തിന് വിട്ടു.

”കേന്ദ്രത്തിന്റെ ഈ നടപടി ശരിയായാലും തെറ്റായാലും കൊളീജിയം അത് കൈകാര്യം ചെയ്യും. തിരിച്ചയച്ച പേരുകളില്‍ ചിലത് ആദ്യമായി ശിപാര്‍ശ ചെയ്തതായിരുന്നു. ആവര്‍ത്തിച്ച ചില പേരുകളും അതിനൊപ്പം തിരിച്ചയച്ചു.

വീണ്ടും അതേ പേര് കൊളീജിയം ശിപാര്‍ശ ചെയ്തപ്പോള്‍ മൂന്നാമതും തിരിച്ചയച്ചു,” ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.

സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് കൊളീജിയം ശിപാര്‍ശ ചെയ്ത 22 പേരുകളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം തിരിച്ചയച്ചത്. എന്നാല്‍ ഈ പേരുകള്‍ കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്യുകയായിരുന്നു.

Content Highlight: Supreme Court says central gov has recommended names to the collegium for the appointment of judges

We use cookies to give you the best possible experience. Learn more