ന്യൂദല്‍ഹി: ഒരു മാധ്യമപ്രവര്‍ത്തകനോ്ട് എഴുതരുതെന്ന് പറയുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്ന് സുപ്രീം കോടതി. ട്വീറ്റ് ചെയ്യുന്നതില്‍ നിന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
ഒരു മാധ്യമപ്രവര്‍ത്തകനോട് എഴുതരുതെന്ന് പറയുന്നതിന് സമാനമാണ് ഇത്തരം ആവശ്യങ്ങളെന്നും, അത് എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഢ് അടങ്ങിയ ബെഞ്ചിന്റേതായിരുന്നു പരാമര്‍ശം.
എന്നാല്‍ സുബൈര്‍ ഒരു മാധ്യമപ്രവര്‍ത്തകനല്ലെന്നായിരുന്നു യു,പി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ (എ.എ.ജി) ഗരിമ പ്രശാദിന്റെ മറുപടി.
സീതാപൂര്‍ എഫ്.ഐ.ആറില്‍ സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ സുബൈര്‍ ട്വീറ്റ് ചെയ്യരുതെന്ന നിബന്ധനയുണ്ടായിരുന്നതായും എ.എ.ജി ചൂണ്ടിക്കാട്ടി.
ജൂലൈ 8ന് സുപ്രീം കോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു എ.എ.ജിയുടെ പരാമര്‍ശം.
ആക്ഷേപകരമായ എന്തെങ്കിലും ട്വീറ്റ് ചെയ്താല്‍ സുബൈറിനെതിരെ നടപടിയെടുക്കാനാകും എന്നാല്‍ ഒരാളുടെ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള മുന്‍കൂര്‍ ഉത്തരവുകള്‍ ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സുബൈര്‍ തെളിവുകള്‍ നശിപ്പിക്കില്ലെന്ന് കോടതി ഉറപ്പാക്കണമെന്ന എ.എ.ജിയുടെ പരാമര്‍ശത്തിന് തെളുവുകളെല്ലാം പബ്ലിക് ഡൊമൈനിലാണെന്നും കോടതി പ്രതികരിച്ചു.
അതേസമയം സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ കേസുകളില്‍ നിന്നും അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ ജയില്‍ മോചിതനാക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുബൈറിന് ജാമ്യം ലഭിച്ചിരുന്നു. സുബൈറിനെതിരായ എല്ലാ കേസുകളും ദല്‍ഹിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2018ല്‍ തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിന് ദല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2020ലെ കേസിലാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.