| Friday, 6th November 2020, 2:42 pm

പരാതി നല്‍കിയത് ദളിതനായത് കൊണ്ടുമാത്രം സവര്‍ണനെ ശിക്ഷിക്കാന്‍ കഴിയില്ല; വിചിത്രവാദവുമായി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരാതിക്കാരന്‍ പട്ടിക ജാതിക്കാരനായതു കൊണ്ട് മാത്രം ഒരു സവര്‍ണന് ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. എസ്.സി/എസ്.ടി വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഭാഗമായുള്ള വിധിന്യായത്തിനിടെയായിരുന്നു സുപ്രീം കോടതിയുടെ വിചിത്ര പരാമര്‍ശം. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്.

‘പട്ടിക ജാതി/പട്ടിക വര്‍ഗത്തില്‍പ്പെടുന്നയാളെ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചോ ഇല്ലയോ എന്ന് കൃത്യമായി ബോധ്യപ്പെടാതെ, പരാതി നല്‍കിയത് ആ വിഭാഗത്തില്‍പ്പെടുന്നയാളായത് കൊണ്ട് മാത്രം ഒരു സവര്‍ണനെ ശിക്ഷിക്കാന്‍ സാധിക്കില്ല,’ സുപ്രീം കോടതി പറഞ്ഞു.

പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നയാളെ അപമാനിക്കാനുള്ള ഉദ്ദേശത്തോടു കൂടി മാത്രം കളിയാക്കുകയോ ഭീഷണപ്പെടുത്തുകയോ ചെയ്‌തെങ്കില്‍ മാത്രമേ അത് കുറ്റകരമായി കണക്കാക്കേണ്ടതുള്ളുവെന്നും അല്ലാത്ത കളിയാക്കലുകളെ കുറ്റകരമായി കാണേണ്ടതില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.

‘ഒരാള്‍ പട്ടിക ജാതി പട്ടിക വര്‍ഗത്തില്‍പ്പെടുന്നത് കൊണ്ട് മാത്രം എല്ലാ തരം അപമാനിക്കലുകളും ഭയപ്പെടുത്തലുകളും കുറ്റകൃത്യമായി കാണാന്‍ സാധിക്കില്ല,’ ജഡ്ജ് പറഞ്ഞു.

എസ്.സി എസ്.ടി ആക്ട് വഴി സവര്‍ണരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.

ഇത് കുറ്റകൃത്യമായി കണക്കാക്കണമെങ്കില്‍ ആ സംഭവം നടക്കേണ്ടത് പൊതു സ്ഥലത്തോ ആളുകളുടെ മുന്നില്‍വെച്ചോ ആണ്. ഒരു വീട്ടിലോ, നാലു ചുവരുകള്‍ക്കുള്ളിലോ നടക്കുന്ന സംഭവമായിരിക്കരുതെന്നും കോടതി നിരീക്ഷിക്കുന്നു.

ഒരു സ്ത്രീക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന കേസിലെ കുറ്റാരോപിതനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയതിലാണ് കോടതിയുടെ വിശദീകരണം. ഉത്തരാഖണ്ഡില്‍ ഒരു സ്ഥലവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടൈന്നും ഇരുവരും അവരുടെ അവകാശങ്ങള്‍ക്കായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

യുവതിയെ കൃഷി ചെയ്യുന്നതില്‍ നിന്നും എതിര്‍കക്ഷി വിലക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് കേസ്. എന്നാല്‍ അധിക്ഷേപം നടത്തിയെന്ന് പറയപ്പെടുന്നത് നാലു ചുവരുകള്‍ക്കുള്ളിലാണെന്ന് മാത്രമല്ല, അത്തരമൊരു സംഭവം നടന്നതിന് പുറത്ത് സാക്ഷികളാരുമില്ലെന്നുമാണ് കോടതി വിലയിരുത്തല്‍. ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court says Can’t Prosecute Upper Caste Person Just Because Complainant is from SC/ST Community

We use cookies to give you the best possible experience. Learn more