ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന വിധി നിലനില്‍ക്കും: സുപ്രീംകോടതി
India
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന വിധി നിലനില്‍ക്കും: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2017, 8:15 am

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് സ്വന്തം താല്‍പര്യപ്രകാരം എടുക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച് മുമ്പുള്ള വിധി നിലനില്‍ക്കുമെന്നും സുപ്രീംകോടതി. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ആധാര്‍ നിര്‍ബന്ധമല്ലെന്ന നിലപാട് ആവര്‍ത്തിച്ചത്.


Also read മോഹന്‍ ഭഗവതില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത്; ആമീറിനോട് കെ.ആര്‍.കെ


ജൂലൈ ഒന്നുമുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡ് അനുവദിക്കുന്നതിനും ഇന്‍കംടാക്‌സ് ആക്ട് 139 എഎയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി തങ്ങളുടചെ മുന്‍ നിലപാട്ആവര്‍ത്തിക്കുകയായിരുന്നു. 139 എഎ വകുപ്പ് ഭരണഘടന വിരുദ്ധവും ആധാര്‍ ആക്ടിന് വിപരീതവുമാണെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ കോണ്‍സല്‍ ശ്യാം ദിവാന്‍ വാദിച്ചു.

ആധാര്‍ ആക്ട് പ്രകാരം പൗരന്‍ ആധാര്‍ സ്വതാല്‍പര്യ പ്രകാരം എടുക്കേണ്ടതാണ്. അങ്ങനെയിരിക്കെ ഇന്‍കംടാക്‌സ് ആക്ട് പ്രകാരം ആധാര്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാറിന് പൗരന്റെ വിരലടയാളം അടക്കുമുള്ള വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും ഇത് സ്വകാര്യതയെ ഇല്ലാതാക്കുമെന്നും ശ്യാം ദിവാന്‍ കോടതിയെ അറിയിച്ചു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന വിധി നിലനില്‍ക്കുമെന്ന് അറിയിച്ച കോടതി സ്വകാര്യത സംബന്ധിച്ച വിഷയം കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ച് കേള്‍ക്കുമെന്നും എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു.

നേരത്തെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് 2015 ആഗസ്റ്റിലും 2017 ഏപ്രിലിലും സുപ്രീംകോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തും സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞമാസം 27ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.