ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി നേതാവ് മായാവതി, ബി.ജെ.പി നേതാവ് മനേകാ ഗാന്ധി എന്നിവര്‍ക്കെതിരായ നടപടിയില്‍ സുപ്രീം കോടതി. മയക്കത്തിലായ തെരഞ്ഞെടുപ്പ് കമ്മീഷന് പെട്ടെന്ന് അധികാരത്തെക്കുറിച്ച് ബോധമുണ്ടായിയെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്.
മയക്കത്തിലായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ന്നെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ‘തെരഞ്ഞെടുപ്പു കമ്മീഷന്‍ അധികാരം തിരിച്ചുപിടിച്ചിരിക്കുന്നു. ഇടക്കാല ഉത്തരവുകളൊന്നും ആവശ്യമില്ല.’ കോടതി വ്യക്തമാക്കി.
മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ അധികാരം ഇല്ല എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിലപാട് എടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നിലപാട് മാറ്റിയിരുന്നു. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ കമ്മീഷന് അധികാരം ഉണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഉത്തരവ് ഇപ്പോള്‍ ആവശ്യം ഇല്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
അതേസമയം, തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്കിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന മായാവതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. തെരരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നടപടിയാണ് സ്വീകരിച്ചത്. ചട്ട ലംഘനം നടത്തിയവര്‍ക്ക് എതിരെയാണ് കമ്മീഷന്‍ നടപടിയെടുത്തതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കോണ്‍ഗ്രസിന് വോട്ടു ചെയ്ത് വോട്ടുകള്‍ വിഘടിപ്പിക്കാതെ ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടു നല്‍കാന്‍ സംസ്ഥാനത്തെ മുസ്ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.