ന്യൂദല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് സുപ്രീം കോടതി ശരത്‌ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍ക്കും സി.ബി.ഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്നും വിശദമായ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ് കണ്ടെത്താത്ത ഹൈക്കോടതി എന്തിനാണ് കേസ് സി.ബി.ഐക്ക് വിടാന്‍ ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹരജിയില്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐയുടെ മറുപടി കൂടി തേടിയ ശേഷമാവും തീരുമാനമെടുക്കുക.
നാലാഴ്ചക്കകം മറുപടി നല്‍കാന്‍ സുപ്രീം കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ സി.ബി.ഐക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കണമെന്നും അതിന് ശേഷം കേസില്‍ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക