ന്യൂദല്‍ഹി: ലൈംഗിക ബന്ധത്തിന് സ്ത്രീ സമ്മതം വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍, ഇല്ല എന്ന് തന്നെയാണ്ന്ന് കോടതികള്‍ കണക്കാക്കേണ്ടെതെന്ന് സുപ്രീം കോടതി. കോടതി വ്യവഹാരത്തിനുള്ള ഭാഷയില്‍ ലിംഗ വിവേചനം ഒഴിവാക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുന്ന കൈപുസ്തകത്തിലാണ് കോടതി ഇക്കാര്യം പറയുന്നത്.
‘പ്രകോപനകരമായ വസ്ത്രധാരണമാണ്’ ലൈംഗികതിക്രമണത്തിന് കാരണമെന്നുള്ള കോഴിക്കോട് കോടതിയുടെ പരാമര്‍ശം എടുത്തുപറഞ്ഞാണ് സുപ്രീം കോടതിയുടെ പ്രതികരണം. സ്ത്രീകള്‍ മദ്യപിക്കുന്നതോ, പലരുമായി ലൈംഗികബന്ധം പുലര്‍ത്തിയതോ ബലാത്സംഗത്തിന് ന്യായീകരണമല്ലെന്ന് കേസ് പരിഗണിക്കുമ്പോള്‍ കോടതികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി ഓര്‍മിപ്പിക്കുന്നു.
ലൈംഗിക ബന്ധത്തിന് സ്ത്രീകള്‍ തയ്യാറല്ലെന്ന് പറഞ്ഞാല്‍ തയ്യാറല്ലെന്ന് തന്നെയാണ് അര്‍ത്ഥം. ലെംഗികാതിക്രമം നേരിട്ടവരെ അതിജീവിതയെന്നോ, ഇരയെന്നോ എന്താണ് വിളിക്കേണ്ടതെന്ന് അവര്‍ക്ക് തന്നെ തീരുമാനിക്കാം. വീട്ടുജോലികള്‍ സ്ത്രീകള്‍ ചെയ്യേണ്ടതാണെന്ന ചിന്ത ഒഴിവാക്കണം. സ്ത്രീകളെ മുന്‍വിധികളോടെ കാണുന്ന പദങ്ങളും പ്രയോഗങ്ങളും മാറണമെന്നും കൈപ്പുസ്തകത്തിന്റെ ആമുഖത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുന്നു. കോടതി വിധികളില്‍ പോലും പഴയ വാര്‍പ്പുമാതൃക പദപ്രയോഗങ്ങള്‍ കടന്നുകൂടൂന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും കൈപ്പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.