ന്യൂദല്‍ഹി: പുതുക്കിയ പാഠപുസ്തകങ്ങളില്‍ നിന്ന് ബാബരി മസ്ജിദിന്റെ പേര് നീക്കം ചെയ്ത എന്‍.സി.ഇ.ആര്‍.ടി നടപടിയെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
അയോധ്യ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തെ നിയമവാഴ്ചയുടെ കടുത്ത ലംഘനമെന്ന് വിശേഷിപ്പിച്ചത് ഇന്ത്യയിലെ കുട്ടികള്‍ അറിഞ്ഞിരിക്കണമെന്ന് ഉവൈസി പറഞ്ഞു.
‘മൂന്ന് താഴികക്കുടങ്ങള്‍ എന്ന വാക്കാണ് ബാബരി മസ്ജിദിനെ വിശേഷിപ്പിച്ച് കൊണ്ട് പുതുക്കിയ പാഠപുസ്തകങ്ങളില്‍ പറയുന്നത്. അയോധ്യ സമവായത്തിനുള്ള ഉദാഹരണമാണെന്നും എന്‍.സി.ഇ.ആര്‍.ടി അവകാശപ്പെട്ടു. എന്നാല്‍ ബാബരി മസ്ജിദ് പൊളിച്ച സംഭവത്തെ നിയമവാഴ്ചയുടെ കടുത്ത ലംഘനമെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചത് രാജ്യത്തെ കുട്ടികള്‍ പഠിക്കണം,’ ഉവൈസി പറഞ്ഞു.
1949ല്‍ ബാബരി മസ്ജിദ് അശുദ്ധമാക്കപ്പെട്ടതും പിന്നീട് 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതും ഇന്ത്യയിലെ കുട്ടികള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ പ്രവര്‍ത്തികളെ മഹത്വവത്കരിച്ചുകൊണ്ടല്ല രാജ്യത്തെ കുട്ടികള്‍ വളരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി പരാമര്‍ശിക്കാതെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 12ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളിലാണ് വിവാദങ്ങള്‍ക്ക് കാരണമായ മാറ്റങ്ങള്‍ വരുത്തിയിരക്കുന്നത്.
ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാത്തത് പോലെ തന്നെ അയോധ്യയുമായി ബന്ധപ്പെട്ട പാഠഭാഗം നാലില്‍ നിന്ന് രണ്ട് പേജുകളിലായി വെട്ടി ചുരുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പാഠപുസ്തകങ്ങളിലെ പരിഷ്‌കരണത്തെ ന്യായീകരിച്ച് കൊണ്ട് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡി.പി. സക്ലാനി രംഗത്തെത്തി. കുട്ടികളെ എന്തിന് കലാപത്തെ കുറിച്ച് പഠിപ്പിക്കണമെന്നാണ് സക്ലാനി ചോദിച്ചത്.
‘അക്രമാസക്തരായ പൗരന്‍മാരെ സൃഷ്ടിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. പോസിറ്റീവായ പൗരന്‍മാരെ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്താണ് ബാബരിയില്‍ സംഭവിച്ചതെന്ന് കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ മനസിലാക്കട്ടെ. അല്ലാതെ പാഠപുസ്തകങ്ങളിലെ തിരുത്തലുകള്‍ ചൂണ്ടിക്കാട്ടിയുള്ള നിലവിളികള്‍ അപ്രസക്തമാണ്,’ സക്ലാനി പറഞ്ഞു.
Content Highlight: Supreme Court said egregious violation of the rule of law, children should learn; Uwaisi