| Thursday, 14th November 2019, 12:52 pm

'കേരള സര്‍ക്കാര്‍ തിടുക്കത്തില്‍ യുവതികളെ കയറ്റരുത്'; ശബരിമല വിധിയില്‍ രാം മാധവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്നത്തെ സുപ്രീംകോടതി വിധികള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ്. ശബരിമല, റഫാല്‍ വിധികളെ ചൂണ്ടിക്കാണിച്ചായിരുന്നു രാം മാധവിന്റെ അഭിപ്രായ പ്രകടനം.

ശബരിമലയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ വിധി സുപ്രീംകോടതി ശരിവെക്കുകയല്ല ചെയ്തത്. അതുകൊണ്ട് കേരള സര്‍ക്കാര്‍ തിടുക്കത്തില്‍ ശബരിമലയില്‍ യുവതികളെ കയറ്റരുതെന്ന് രാം മാധവ് പറഞ്ഞു.

റഫാല്‍ കരാറില്‍ പുനപ്പരിശോധനയില്ലെന്ന സുപ്രീം കോടതി വിധി പലരുടെയും നിരുത്തരവാദിത്തം തുറന്നുകാട്ടുന്നതാണെന്നും രാം മാധവ് കുറ്റപ്പെടുത്തി.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.

2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

പുനപ്പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുമ്പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹരജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.

എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു.

റഫാല്‍ കേസില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനപ്പരിശോധന വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും, പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും വിധി പുനപരിശോധിക്കണെന്ന ആവശ്യമാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ചത്.

We use cookies to give you the best possible experience. Learn more