ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസുകളില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. വകുപ്പ് പുനപരിശോധിക്കുന്നത് വരെ സംസ്ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിധി പ്രസ്താവമെന്നും കോടതി വ്യക്തമാക്കി.
രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്നും ഈ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. രാജ്യദ്രോഹക്കുറ്റം പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചരുന്നു.
നിലവിലുള്ള കേസുകളിലും വരാനിരിക്കുന്ന കേസുകളിലും സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ചും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. നിലപാട് വ്യക്തമാക്കാന്‍ ഒരു ദിവസം സമയവും കോടതി നല്‍കിയിരുന്നു. എന്നാല്‍ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ജയിലിലുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച് ഉടനെ വാദം കേള്‍ക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഇതോടെ സംസ്ഥാനങ്ങളും കേന്ദ്രവും 124എ പ്രകാരമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കിയ 124എ വകുപ്പ് റദ്ദാക്കരുതെന്നും എന്നാല്‍ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷാ വ്യവസ്ഥകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹരജികൾ വിശാല ബെഞ്ചിന് കൈമാറണോ എന്നതില്‍ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദം.
Content Highlight: Supreme Court rules department should not apply sedition until cases are reconsidered