കാലത്തിന് പിറകേ പോകുന്ന കേരള ഹൈക്കോടതി വിധികളും തിരുത്തുന്ന സുപ്രീം കോടതിയും
Vigilantism
കാലത്തിന് പിറകേ പോകുന്ന കേരള ഹൈക്കോടതി വിധികളും തിരുത്തുന്ന സുപ്രീം കോടതിയും
ഗോപിക
Tuesday, 8th May 2018, 3:08 pm

12/4/2017 ലായിരുന്നു നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം. വിവാഹ സമയത്ത് തുഷാരയുടെ പ്രായം 19 ഉം നന്ദകുമാറിന് ഇരുപതു വയസുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ ഇവരുടെ വിവാഹം നിയമപരമല്ലെന്ന് കാട്ടി തുഷാരയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു.

തന്റെ മകളെ തട്ടിക്കൊണ്ടുപോയാണ് നന്ദകുമാര്‍ വിവാഹം കഴിച്ചതെന്നും വിവാഹ സമയത്ത് പ്രസ്തുത വ്യക്തിയ്ക്ക് ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന വിവാഹപ്രായം പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ പിതാവ് കോടതിയില്‍ പരാതി നല്‍കി. തുഷാരയുടെ പിതാവിന്റെ പരാതി പരിഗണിച്ച ഹൈക്കോടതി ഹേബിയസ് കോര്‍പ്പസ് പുറപ്പെടുവിക്കുകയും പ്രതിയാക്കപ്പെട്ട നന്ദകുമാറിനോട് തുഷാരയെ കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.


ALSO READ: പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധം: സുപ്രീം കോടതി


തുടര്‍ന്ന് തുഷാര- നന്ദകുമാര്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തി. ഇതിന്റെ ഭാഗമായി തുഷാരയുടെ പിതാവ് ഉന്നയിച്ച വസ്തുത പരിശോധിച്ച കോടതി നന്ദകുമാറിന്റെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. നന്ദകുമാറിന്റെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതില്‍ നിന്നും 30/5/1997 ആണ് നന്ദകുമാര്‍ ജനിച്ചതെന്ന് കണ്ടെത്തി.

ഇതില്‍ നിന്നും ഇരുവരുടെയും വിവാഹം നടക്കുമ്പോള്‍ നന്ദകുമാറിന് 20 വയസ്സ് മാത്രമാണ് പ്രായമെന്ന് ഹൈക്കോടതി പ്രസ്താവിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം സ്ത്രിയ്ക്ക് 18 ഉം പുരുഷന് 21 ഉം ആണ് വിവാഹപ്രായം. ആയതിനാല്‍ ഇരുവരുടെയും വിവാഹം നിയമപരമല്ലെന്നും അതിനാല്‍ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിടാനും കോടതി ഉത്തരവിട്ടു.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി നന്ദകുമാര്‍ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നന്ദകുമാറിന്റെ കേസ് പരിഗണിക്കവെ സുപ്രിം കോടതി നിരീക്ഷിച്ച ചില വസ്തുതകളാണ് ഇന്ന് ഇന്ത്യന്‍ നിയമ-നീതിന്യായ വിഭാഗങ്ങളും സമൂഹവും ചര്‍ച്ചചെയ്യുന്നത്.

“ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് അര്‍ഹരാണ് ഈ കേസിലെ രണ്ട് കക്ഷികളും. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പുരുഷന്റെ വിവാഹപ്രായം 21 വയസ്സും സ്ത്രീയ്ക്ക് പതിനെട്ട് വയസ്സും എന്ന വസ്തുത നിലനില്‍ക്കെ തന്നെ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. വിവാഹ സമയത്ത് നിയമം അനുശാസിക്കുന്ന പ്രായം പുരുഷന് ആയിട്ടില്ല എന്ന പേരില്‍ നന്ദകുമാര്‍- തുഷാര ദമ്പതികളുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ല. പെണ്‍കുട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 20 ആണ്. വിവാഹ സമയത്ത് പ്രായം 19 ആയിരുന്നു. ഇതുപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് താന്‍ ആരോടൊപ്പം ജീവിക്കണമെന്ന കാര്യത്തില്‍ സ്വതന്ത്ര്യമായി നിലപാടെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു”.


READ MORE: ‘ഹാദിയയുടെ വിവാഹം; നിരോധിത മേഖലയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍: അന്തിമവിധിയുമായി സുപ്രീം കോടതി


ഇവരുടെ ഹര്‍ജി പരിഗണിക്കവെയാണ് മറ്റൊരു പ്രധാന നിരീക്ഷണം സുപ്രിംകോടതി മുന്നോട്ട് വച്ചത്. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം ഒന്നിച്ച് ജീവിക്കാനുള്ള അവകാശം നിലവിലുണ്ട്.നിയമപരമായി വിവാഹം കഴിക്കാന്‍ പ്രായം ഒരു തടസ്സമാണെന്ന കാര്യം നിലനില്‍ക്കെത്തന്നെ ഇരുവ്യക്തികള്‍ക്കും പ്രായപൂര്‍ത്തിയായെങ്കില്‍ ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

നന്ദകുമാര്‍-തുഷാര കേസില്‍ ഹൈക്കോടതി നിലപാടിനെ വിമര്‍ശനാത്മകമായാണ് സുപ്രീം കോടതി വിലയിരുത്തിയത്. നിയമത്തിന്റെ പഴുതുകളുപയോഗിച്ച് ഹൈക്കോടതി രക്ഷിതാവ് വേഷം കെട്ടേണ്ട കാര്യമില്ല. ഭരണഘടനയ്ക്ക് അപ്പുറത്ത് നിന്ന് കാലോചിതമായ മാറ്റങ്ങള്‍ നിയമങ്ങളില്‍ കൊണ്ടു വരേണ്ടതാണ്.

എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാത്ത രീതിയാണ് ഹൈക്കോടതി വിധികളില്‍ ഈയിടെയായി കാണപ്പെട്ടു വരുന്നത്. അവസാനം വന്ന തുഷാര- നന്ദകുമാര്‍ കേസിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ നിയമങ്ങള്‍ വ്യഖ്യാനിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമാണ്.


ALSO READ: 20 വയസ്സുകാരന്റെ വിവാഹം റദ്ദ് ചെയ്യാനാകില്ല; പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് സുപ്രീം കോടതി


ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാകണം ഇന്ത്യന്‍ നീതിന്യായ വിഭാഗം. അതല്ലാതെ രക്ഷിതാവ് ചമയുന്ന ഹൈക്കോടതി വിധിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ കേസാണ് ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം. ഇവരുടെ കേസിലും സമാനമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

വൈക്കം സ്വദേശി ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ വിധിയും കേരള ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള ഹൈക്കോടതി കൈകടത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.


MUST READ:‘വിവാഹം റദ്ദാക്കിയ കോടതി നടപടി തെറ്റ്’; ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി


ഇന്ത്യന്‍ ഭരണഘടനസ്ഥാപനമായ കോടതികള്‍ വ്യക്തികളുടെ മൗലിക അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തുന്ന നടപടി ഒട്ടും അനുയോജ്യമല്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തിലാണ് ഭരണഘടനയുടെ ശക്തി നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഒരാള്‍ ആരെ വിവാഹം ചെയ്യണമെന്നും ആരോടൊപ്പം ജീവിക്കണമെന്നും ഉള്ളത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് മുകളിലാണ്.

ഇത്തരം ബഹുസ്വരതയെ സംരക്ഷിക്കാനാണ് കോടതികള്‍ ശ്രമിക്കേണ്ടത് അല്ലാതെ തകര്‍ക്കാനല്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പുറത്തുവന്ന സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമായി പറയുന്നുണ്ട് ഒരു വ്യക്തിയുടെ വസ്ത്രം, ഭക്ഷണം തുടങ്ങിയവയൊക്കെ പൗരന്റെ വ്യക്തിപരമായി കാര്യങ്ങളാണ്. അതിലെല്ലാം ഇടപെടാനുള്ള സ്വാതന്ത്ര്യം കോടതികള്‍ക്ക് ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ് നിയമസ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.