| Tuesday, 23rd January 2018, 8:48 am

ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുമെന്ന് സൂചന. എന്‍.ഐ.എ ക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ഹാദിയക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കുന്നതാണ്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്ന ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടും.

അതേസമയം കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന സമയത്ത് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വേണ്ടിയാണ് ഷെഫിനുമായുള്ള വിവാഹം നടന്നതെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്.

വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റിലൂടെയാണ് ഷെഫിനുമായുള്ള വിവാഹം നടന്നതെന്ന ഹാദിയയുടെ മൊഴി കള്ളമാണെന്ന് എന്‍.ഐ.എ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും നിക്കാഹ് നടന്നതിന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വേ ടു നിക്കാഹില്‍ ഷെഫിന്‍ അക്കൗണ്ട് എടുത്തതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സത്യസരണിയിലെ സൈനബയുടെ ഡ്രൈവറാണ്‌ഷെഫിന്‍ ജഹാനെ ഹാദിയയ്ക്ക് വിവാഹം കഴിക്കുന്നതിനായി കണ്ടെത്തിയതെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കോടതി നിര്‍ദ്ദേശത്തിലല്ലാതെ നടക്കുന്ന അന്വേഷണം കോടതിയലക്ഷ്യമാണെന്ന ചൂണ്ടിക്കാട്ടിയാണ് ഷെഫിന്‍ ജഹാന്‍ ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more