| Monday, 10th December 2018, 11:00 am

ഹാദിയ കേസ്; ലവ് ജിഹാദ് ആരോപണം സംബന്ധിച്ച എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് സീലുപോലും പൊളിക്കാതെ സുപ്രീം കോടതി തിരിച്ചുനല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട ലവ് ജിഹാദ് ആരോപണം സംബന്ധിച്ച എന്‍.ഐ.എ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി തിരിച്ചുനല്‍കി. ഈ റിപ്പോര്‍ട്ടില്‍ മൂന്നെണ്ണമെങ്കിലും തുറന്നുപോലും നോക്കാതെയാണ് കോടതി തിരിച്ചുനല്‍കിയിരിക്കുന്നത്.

” ഓഫീസ് റിപ്പോര്‍ട്ട് അനുസരിച്ച് വിഷയം കോടതി തള്ളിയതിനു പിന്നാലെ എന്‍.ഐ.എയില്‍ നിന്നും സീല്‍ ചെയ്ത റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആ സീല്‍ ചെയ്ത റിപ്പോര്‍ട്ട് എന്‍.ഐ.എയ്ക്കു തിരിച്ചയച്ചിട്ടുണ്ട്.” ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേരള ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയതിനു പിന്നാലെയാണ് എന്‍.ഐ.എ ഇതുസംബന്ധിച്ച അന്വേഷണം തുടങ്ങിയത്. കോടതി റിപ്പോര്‍ട്ട് തിരിച്ചയച്ചതോടെ എന്‍.ഐ.എയുടെ അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കും.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം ആറുമാസത്തിലേറെ എടുത്താണ് ദേശീയ അന്വേഷണ ഏജന്‍സി ഹാദിയ കേസില്‍ അന്വേഷണം നടത്തിയത്. 2017 ആഗസ്റ്റിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Also Read:രാഹുല്‍ ഉന്നയിച്ച ആ ചോദ്യം ചോദിച്ച് അമിത് ഷായെ ഉത്തരംമുട്ടിച്ചു; മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം

അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിക്കുന്നതിനെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചായിരുന്നു സുപ്രീം കോടതി എന്‍.ഐ.എയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നായിരുന്നു എന്‍.ഐ.എ പരിശോധിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

2017 ആഗസ്റ്റിനും ഡിസംബറിനും ഇടയില്‍ മൂന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ടാണ് എന്‍.ഐ.എ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണമായതിനാല്‍ അന്വേഷണ പുരോഗതി കോടതി പരിശോധിക്കണമെന്ന് എന്‍.ഐ.എയെ പ്രതിനിധീകരിക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് പലതവണ കോടതിയെ ഓര്‍മ്മിപ്പിച്ചിരുന്നു.

ജസ്റ്റിസ് ഖെഹാര്‍ വിരമിച്ചതോടെ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേല്‍ക്കുകയും എന്‍.ഐ.എയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more