കോടതിയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്കുണ്ട്; ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കപില്‍ സിബല്‍
India
കോടതിയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്കുണ്ട്; ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 4:01 pm

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എസ്.ബി.ഐ നടപടിയെ വിമര്‍ശിച്ച് രാജ്യസഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. കോടതിയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്ക് ഉണ്ടെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതിനാല്‍ എസ്.ബി.ഐയുടെ ആവശ്യം അംഗീകരിക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ ആഴ്ച്ചകള്‍ സമയമെടുക്കുമെന്ന എസ്.ബി.ഐയുടെ അവകാശവാദത്തെയും അദ്ദേഹം എതിര്‍ത്തു.

കേസില്‍ നിന്ന് ആരെയോ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്.ബി.ഐ നടത്തിയതെന്നാണ് ഹരജി സമര്‍പ്പിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

‘കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിക്കാനാണ് എസ്.ബി.ഐ ശ്രമിക്കുന്നത്. അതല്ലെങ്കില്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പങ്കുവെക്കാന്‍ ജൂണ്‍ 30 വരെ സമയം ചോദിക്കില്ലായിരുന്നു,’ കപില്‍ ലിബല്‍ പറഞ്ഞു.

വിഷയത്തില്‍ എസ്.ബി.ഐ സമര്‍പ്പിച്ച ഹരജി ജീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. ഫെബ്രുവരി 15നാണ് ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. വിധിയുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടുകള്‍ വഴി സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ മാര്‍ച്ച് 13ന് പുറത്ത് വിടണമെന്ന് എസ്.ബി.ഐയോട് കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ജൂണ്‍ 30 വരെ സമയം ചോദിച്ച് എസ്.ബി.ഐ ഹരജി സമര്‍പ്പിക്കുകയായിരുന്നു. എസ്.ബി.ഐയുടെ നടപടിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ തെറ്റായ സാമ്പത്തിക ഇടപാടുകള്‍ മറക്കാനുള്ള കവചമായി കേന്ദ്രം എസ്.ബി.ഐയെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

Content Highlight: Supreme Court responsibility to protect its dignity: Sibal on SBI plea on electoral bonds issue