ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ട്രോളുകളിലും ചൂഷണങ്ങളിലും പ്രതികരിച്ച് സുപ്രീം കോടതി. ട്രോളിങ് ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ അവഗണിക്കുന്ന പക്ഷം അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭാവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കേസ് കോടതിയ്ക്ക് മുമ്പാകെ എത്തിയിട്ടും, സ്വാതി മലിവാളിനെതിരായ സോഷ്യല്‍ മീഡിയയിലെ വിചാരണ അവസാനിച്ചില്ല. മലിവാളിനെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആക്രമണം തുടര്‍ന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സാമൂഹ്യ മാധ്യമമായ എക്‌സ് ഉള്‍പ്പെടെയുള്ളവയിലൂടെ താന്‍ സൈബര്‍ ആക്രമണത്തിനും ട്രോളിങ്ങിനും ഇരയാക്കപ്പെടുന്നുവെന്ന് മലിവാള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കോടതി പ്രതികരിച്ചത്. എന്നാല്‍ മലിവാളിന്റെ പരാമര്‍ശത്തില്‍, ബിഭവ് കുമാറിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു സിങ്‌വി നീതി നടപ്പിലാക്കുന്ന കോടതി പോലും സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി.
മനു സിങ്‌വിയുടെ നിരീക്ഷണത്തെ കോടതി ശരിവെക്കുകയും ചെയ്തു. നീതി ലഭിക്കേണ്ടവര്‍ക്ക് അനുകൂലമായി വിധി പറയുമ്പോള്‍ പോലും തങ്ങള്‍ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സോഷ്യല്‍ മീഡിയ ട്രോളുകളെ നമ്മളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കോടതി നിര്‍ദേശം നല്‍കിയത്.
‘തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരല്ലാത്ത ഒരു വലിയ വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ ഇത്തരത്തിലുള്ള ആക്രമണം തുടര്‍ന്ന് കൊണ്ടേയിരിക്കും., പക്ഷേ നിങ്ങള്‍ ഇത്തരക്കാരെ അവഗണിക്കുകയാണ് ചെയ്യേണ്ടത്. അപ്പോള്‍ അവരുടെ വിശ്വാസ്യതയും ഇല്ലാതാക്കും,’ എന്നാണ് കോടതി പറഞ്ഞത്.
അതേസമയം സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ ബിഭവ് കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
51ലധികം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും അതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഹരജിക്കാരന്‍ 100 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും പറഞ്ഞു.
ഇതിനോടകം തന്നെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ആയതുകൊണ്ട് തന്നെ കേസില്‍ മുന്‍വിധികളില്‍ ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.
മെയ് 13ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോള്‍ ബിഭവ് കുമാര്‍ തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് സ്വാതി മലിവാള്‍ പരാതി നല്‍കുകകയായിരുന്നു. തുടര്‍ന്ന് മെയ് 18ന് ദല്‍ഹി പൊലീസ് ബിഭവിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Content Highlight: Supreme Court Responds to Social Media Trolls and Exploits