കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സര്‍ക്കാര്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സുപ്രീം കോടതി
national news
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സര്‍ക്കാര്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2024, 9:19 am

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സര്‍ക്കാര്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസുകളില്‍ വിചാരണ നടത്താന്‍ സി.ആര്‍.പി.സി പ്രകാരവും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും സുപ്രീം കോടതി ഉത്തരവ്.

സി.ആര്‍.പി.സി സെക്ഷന്‍ 197ാം വകുപ്പ് പ്രകാരം കള്ളപ്പണനിരോധന നിയമപ്രകാരമുള്ള കേസുകളിലും നിയമം ബാധകമാവുമെന്നാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ചോദ്യം ചെയ്യലിനുള്ള അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.ആര്‍.പി.സി ഉള്‍പ്പെടെയുള്ള നിയമങ്ങളേക്കാള്‍ കള്ളപ്പണനിരോധന നിയമത്തിന് സ്വാധീനമുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി തള്ളുകയും ചെയ്തു.

ജസ്റ്റിസുമാരായ അഭയ്.എസ്.ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണങ്ങള്‍ നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിഭു പ്രസാദ് ആചാര്യ, ആദിത്യ ദാസ് എന്നിവര്‍ക്കെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു ഹരജി. വിചാരണ കോടതി റദ്ദാക്കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഈ നിയമമെന്നും എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ ഇവരെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

സത്യസന്ധതയോടെ ജോലി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനും അവര്‍ക്കെതിരെ നടപടികളെടുക്കുന്നില്ലെന്ന ലക്ഷ്യത്തോടെയുമാണ് ഈ വ്യവസ്ഥകളെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സി.ആര്‍.പി.സിയുടെ വ്യവസ്ഥകള്‍ കള്ളപ്പണനിരോധന നിയമത്തിന്റെ കീഴിലുള്ള എല്ലാ നടപടികള്‍ക്കും ബാധകമാകുന്നതാണെന്നും ബാധകമാകാത്ത ഏതെങ്കിലും നിയമങ്ങള്‍ ഉണ്ടെങ്കില്‍ സി.ആര്‍.പി.സി സെക്ഷന്‍ 197 (1) പ്രകാരം ബാധകമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ നിയമപ്രകാരം, ഒരു ജഡ്ജിയുടെയോ, സര്‍ക്കാരിന്റെയോ, മജിസ്‌ട്രേറ്റിന്റെയോ അനുമതിയോടെ മാത്രമേ സര്‍ക്കാര്‍ ജീവനക്കാരെ ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്ന് പറയുന്നുണ്ട്.

ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയോടെയല്ലാതെ കേസുകളിലൊന്നും വിചാരണ നടത്തരുതെന്നും കോടതി ആ കേസ് ഏറ്റെടുക്കില്ലെന്നും നിയമത്തില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Supreme Court requires prior permission to interrogate government employees