ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വിയ്ക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
‘തുറന്നുപറയാം, എനിക്കിതിനോട് യോജിക്കാനാവില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല’, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.
സമൂഹത്തിലെ സമാധാനവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും കോടതി നിരീക്ഷിച്ചു.
നിലവില്‍ ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണ് റിപ്പബ്ലിക് ടി.വി. ഇതിന് പുറമെ മൂന്ന് എഫ്.ഐ.ആറും മുംബൈ പൊലീസ് ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അര്‍ണബിനെതിരായ കേസ്.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണ്ടേത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം അഭിപ്രായസ്വാതന്ത്ര്യമെന്നത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവകാശമല്ലെന്നും ഗില്‍ഡ് പറഞ്ഞു. എന്നാല്‍ അന്വേഷണം കാരണം ചാനലിലെ മാധ്യമപ്രവര്‍ത്തകരെ വേദനിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണം മാധ്യമ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി മാറരുതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക