| Wednesday, 26th April 2023, 11:52 am

ബഫര്‍സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീം കോടതി; സമ്പൂര്‍ണ നിയന്ത്രണമുണ്ടാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബഫര്‍സോണുമായി ബന്ധപ്പെട്ട് 2022 ജൂണില്‍ പുറത്തിറക്കിയ വിധിയില്‍ ഭേദഗതിയുമായി സുപ്രീം കോടതി. നേരത്തെ ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ സമ്പൂര്‍ണ നിരോധനമാണ് ബഫര്‍സോണില്‍ കോടതി ഏര്‍പ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ ഇളവുകള്‍ കൊണ്ടുവന്നിരിക്കുന്നത്.

ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. ജൂണില്‍ പുറത്തിറക്കിയ ബഫര്‍സോണ്‍ വിധിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ വാക്കാല്‍ സൂചിപ്പിച്ചിരുന്നു.

ബഫര്‍സോണില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ജൂണില്‍ പുറത്തിറക്കിയ വിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ഉന്നയിച്ചപ്പോഴായിരുന്നു സമ്പൂര്‍ണ നിരോധനം നടപ്പാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്.

ബഫര്‍സോണില്‍ സമ്പൂര്‍ണമായ നിയന്ത്രണങ്ങളല്ല ഉദ്ദേശിക്കുന്നതെന്നും പ്രകൃതിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ആശങ്കകളുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളല്ല ഉദ്ദേശിച്ചതെന്ന് കോടതി പറഞ്ഞു. ഇതോടെ വീടുകളോ ചെറുകിട നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്തുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന ക്വാറിയുള്‍പ്പെടെയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കാകും നിയന്ത്രണം ബാധകമാവുകയെന്നുമാണ് റിപ്പോര്‍ട്ട്.

Content Highlights: Supreme Court Relaxes Buffer Zone Ruling

We use cookies to give you the best possible experience. Learn more