| Tuesday, 19th May 2020, 1:23 pm

വിദ്വേഷ പ്രസ്താവനയ്‌ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന അര്‍ണബിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തിയ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം മുംബൈ പൊലീസില്‍ നിന്ന് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടും ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിനുമെതിരായി വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമായിരുന്നു അര്‍ണബിന്റെ ആവശ്യം.

വിധി പറയുന്നതിനിടെ മാധ്യമസ്വാതന്ത്ര്യം മൗലീക അവകാശമാണെന്ന് പറഞ്ഞ കോടതി അര്‍ണബിന്റെ പരാമര്‍ശം അതിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും പറഞ്ഞു.

മഹാരാഷ്ട്ര പൊലീസ് കേസ് അന്വേഷിക്കുകയാണെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്നും അതിനാല്‍ അന്വേഷണം ഒരു സ്വതന്ത്ര്യ ഏജന്‍സിക്ക് കൈമാറണമെന്നുമെന്നും അര്‍ണബ് കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കിലും ഈ ആവശ്യവും കോടതി തള്ളുകയായിരുന്നു.

കേസില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതി നേരത്തെ പൂര്‍ത്തിയാക്കിയതാണ്. കേസിന്റെ വിധി പറയുന്നത് മെയ് 19 ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എം.ആര്‍ ഷായുമാണ് വിധി പ്രസ്താവിച്ചത്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അര്‍ണാബിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ ഒരേ സ്വഭാവുള്ളതിനാല്‍ ബാക്കി കേസുകള്‍ റദ്ദാക്കുന്നുവെന്നും മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസ് മാത്രം നിലനിര്‍ത്തുമെന്നും കോടതി പറഞ്ഞു.

ഈ കേസുകളില്‍ അന്വേഷണം നടത്താനുള്ള അവകാശം പൊലീസിനുണ്ടെന്നും അര്‍ണബിന് എഫ്.ഐ.ആര്‍ റദ്ദാക്കി കിട്ടണമെങ്കില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ നിന്നുമുള്ള ഇടക്കാല സുരക്ഷ മൂന്നു ആഴ്ചത്തേക്കു കൂടി നീട്ടിനല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more