| Wednesday, 22nd September 2021, 2:44 pm

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് നടത്തണം: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് നടത്തണമെന്ന് സുപ്രീംകോടതി. ഓഡിറ്റില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.

ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുളളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണം.

ഭരണപരമായ കാര്യങ്ങളില്‍ ട്രസ്റ്റ് ഇടപെടുന്നില്ലെന്നും അതുകൊണ്ട് ട്രസ്റ്റിനെ ഓഡിറ്റിംഗില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

എന്നാല്‍ ട്രസ്റ്റിനെ ഓഡിറ്റിംഗില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകള്‍ കൂടി വഹിക്കാന്‍ ട്രസ്റ്റിന് നിര്‍ദേശം നല്‍കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി വ്യക്തമാക്കിയിരുന്നു.

പ്രത്യേക ഓഡിറ്റിങ്ങില്‍നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങള്‍ അറിയിച്ചത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിനുശേഷം പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യാന്‍ 2020 ല്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിംഗിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു.

വരവ്-ചെലവ് കണക്ക് ഹാജരാക്കാന്‍ ഓഡിറ്റിംഗ് സ്ഥാപനം നിര്‍ദേശിച്ചിരുന്നു എങ്കിലും ട്രസ്റ്റ് അതിനോട് സഹകരിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme Court rejects Shree Padmanabhaswamy Temple trust’s plea for audit exemption

We use cookies to give you the best possible experience. Learn more