ഹിന്ദുത്വം മതമല്ല, ജീവിതക്രമമെന്ന് സുപ്രീംകോടതി; 1995ലെ വിധി പുനഃപരിശോധിക്കില്ല
Daily News
ഹിന്ദുത്വം മതമല്ല, ജീവിതക്രമമെന്ന് സുപ്രീംകോടതി; 1995ലെ വിധി പുനഃപരിശോധിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2016, 6:27 pm

ഹിന്ദുത്വ എന്നാല്‍ ഹിന്ദു മതമാണോ എന്നതും അത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന കാര്യവും ഇപ്പോള്‍ പരിശോധിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി.


ന്യൂദല്‍ഹി: ഹിന്ദുത്വമെന്നാല്‍ മതമല്ലെന്നും അതൊരു ജീവിതക്രമം മാത്രമാണെന്നുമുള്ള നിലപാടിലുറച്ച് സുപ്രീംകോടതി.

1995ലെ ഹിന്ദുത്വ വിധി പുനഃപരിശോധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുത്വത്തിന് കൃത്യമായ നിര്‍വചനം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇതിലാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വാദം കേട്ടത്.

ഹിന്ദുത്വ എന്നാല്‍ ഹിന്ദു മതമാണോ എന്നതും അത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന കാര്യവും ഇപ്പോള്‍ പരിശോധിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി.

1995ല്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ഒരു തെരഞ്ഞെടുപ്പു കേസില്‍ “ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്” എന്നു പറഞ്ഞിരുന്നു. മനോഹര്‍ ജോഷിയും എന്‍.ബി പാട്ടീലും തമ്മിലുണ്ടായ തെരഞ്ഞെടുപ്പു കേസില്‍ ജോഷിയുടെ ഒരു പ്രസ്താവനയാണ് ചോദ്യം ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയെ ആദ്യത്തെ ഹിന്ദു സംസ്ഥാനമാക്കുമെന്നായിരുന്നു പ്രസ്താവന. ഇതു മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനു തുല്യമായി കാണാനാവില്ലെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധിച്ചു. ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീംകോടതി തീരുമാനിച്ചതനുസരിച്ചാണ് ഇന്നു വാദം കേട്ടത്.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദുത്വം മതമല്ല ഒരു ജീവിതരീതിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. വാന്‍കൂവറില്‍ ലക്ഷ്മി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു ധര്‍മ്മത്തിന് സുപ്രീംകോടതി മികച്ച നിര്‍വചനം നല്‍കിയിട്ടുണ്ട്. ഹിന്ദു ധര്‍മ്മം ഒരു മതമല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പ്രകൃതിയുടെ ഗുണത്തിന് വേണ്ടിയാണ് ഹിന്ദുക്കളുടെ പ്രവര്‍ത്തനങ്ങളെന്നും മോദി വ്യക്തമാക്കിയിരുന്നു.