| Monday, 17th July 2023, 11:53 pm

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി; അക്രമങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 160 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ മണിപ്പൂര്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍ദ്ദേശം നല്‍കിയത്. ഇന്റര്‍നെറ്റ് വഴി പരക്കുന്ന ഊഹാപോഹങ്ങള്‍ കലാപം ആളിക്കത്തിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുഷാര്‍ മേത്ത നല്‍കിയ വിശദീകരണം.

അതേസമയം, മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ ലൈമാറ്റണ്‍ തങ്ബുഹ് ഗ്രാമത്തില്‍ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. സായുധരായ അക്രമികള്‍ ഗ്രാമ പ്രതിരോധ സേനയെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും ചുരാചന്ദ്പൂരിലേക്ക് മാറ്റിയിരുന്നു.

ഗ്രാമപ്രതിരോധ സേന മാത്രമായിരുന്നു തങ്ബുഹ് ഗ്രാമത്തില്‍ കാവലിനുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ മുപ്പതോളം വരുന്ന അക്രമി സംഘം അടുത്തുള്ള ഒരു കുന്നില്‍ കയറി പ്രതിരോധ സേനാംഗങ്ങളെ വെടിവെക്കുകയായിരുന്നു. അസം റൈഫിള്‍സ് സംഘം എത്തിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

മണിപ്പൂരില്‍ മെയ് മൂന്ന് മുതല്‍ തുടങ്ങിയ വംശീയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 160 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച കുറച്ചു ദിവസം അക്രമത്തിന് കുറവുണ്ടായിരുന്നെങ്കിലും ശനിയാഴ്ച വീണ്ടും സമാധാനാന്തരീക്ഷം തകര്‍ന്നു.

ഇംഫാല്‍ വെസ്റ്റില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംഘര്‍ഷം രൂക്ഷമായത്.

Content Highlights: supreme court rejects plea of central govt, death toll reach to 160 in manipur

We use cookies to give you the best possible experience. Learn more