ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറത്തെ കരാട്ടെ അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. സിദ്ദിഖ് അലിയുടെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
കേസിന്റെ സ്വഭാവും ഗൗരവവും കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഫെബ്രവരി 19ന് ചാലിയാര്‍ പുഴയില്‍ 17കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിദ്ദിഖ് അലി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ആറ് കേസുകളാണ് സിദ്ദിഖ് അലിക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്തത്. കാപ ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
നിലവില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മലപ്പുറം ഊര്‍ക്കടവ് സ്വദേശിയാണ് സിദ്ധിഖ് അലി.
പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാഴക്കാട് പൊലീസാണ് സിദ്ദിഖ് അലിയെ കസ്റ്റഡിയിലെടുത്തത്.
‘ഞാന്‍ നിങ്ങളുടെ ദൈവമാണ്, ഗുരുവാണ്. ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി നിങ്ങളുടെ മനസും ശരീരവും ഗുരുവിനുള്ളതാണ്. നിങ്ങളുടെ നെഞ്ചത്ത് കൈവെച്ചാലാണ് ഗുരുവിന് നിങ്ങളെ അറിയാന്‍ പറ്റു’, എന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കരാട്ടെ ക്ലാസിലുള്ള മറ്റു കുട്ടികളോടും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
Content Highlight: Supreme Court rejects plea filed by Malappuram karate teacher in case of harassment of minor girl