| Tuesday, 10th September 2024, 8:33 am

ഇന്ത്യയുടെ വിദേശനയത്തില്‍ ഇടപെടില്ല; ഇസ്രഈലിന് ആയുധം നല്‍കുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രഈലിന് ഇന്ത്യ ആയുധം കൈമാറുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി. ഗസയില്‍ വംശഹത്യ നടത്തുന്നതിനാല്‍ ഇന്ത്യ ഇസ്രഈലിന് ആയുധം വില്‍ക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

കോടതിക്ക് രാജ്യത്തിന്റെ വിദേശനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, ഇസ്രഈല്‍ എന്ന പരമാധികാര രാജ്യത്തിനുമേല്‍ ഇന്ത്യന്‍ കോടതിക്ക് അധികാരമെന്നുമില്ലെന്നും നിരീക്ഷിച്ചു.

‘ഞങ്ങള്‍ക്ക് ഒരിക്കലും സര്‍ക്കാരിനോട് നിങ്ങള്‍ ഒരു പ്രത്യേക രാജ്യത്തിലേക്ക് ആയുധം കയറ്റി അയക്കരുതെന്നോ അത്തരത്തില്‍ കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നോ പറയാന്‍ സാധിക്കില്ല.

അത് പൂര്‍ണമായും രാജ്യത്തിന്റെ വിദേശനയത്തില്‍ അധിഷ്ഠിതമായൊരു കാര്യമാണ്. അതിനാല്‍ എങ്ങനെയണ് കോടതി അക്കാര്യം ആവശ്യപ്പെടുക? കോടതിക്ക് അതിനുള്ള അധികാരം ഇല്ല. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് എപ്പോഴും സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്,’ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ഹാജരായത്. ഇസ്രാഈല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്ന അഭിഭാഷകന്റെ വാദത്തെ അത് അദ്ദേഹത്തിന്റെ അനുമാനം മാത്രമാണെന്ന് നിരീക്ഷിച്ച കോടതി വിദേശ വ്യാപാര നയം, കസ്റ്റംസ് നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമെ സര്‍ക്കാരിന് ഈ നയം പുനഃപരിശോധിക്കാന്‍ കഴിയുകയുള്ളുവെന്നും നിരീക്ഷിച്ചു.

വംശഹത്യ നടത്തുന്ന ഒരു രാജ്യമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിരീക്ഷിച്ച ഒരു രാജ്യത്തേക്കാണ് ഇന്ത്യ ആയുധം കയറ്റി അയക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ യുദ്ധക്കുറ്റങ്ങളില്‍ കുറ്റക്കാരായ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണെന്നും യു.കെയും സ്‌പെയിനും ഇത് ചൂണ്ടിക്കാട്ടി കയറ്റുമതി നിയന്ത്രിച്ചിരുന്നെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യത്തില്‍ തീരുമാനം എടുത്തത് കോടതികള്‍ അല്ലെന്നും അവിടുത്തെ സര്‍ക്കാര്‍ ആണെന്നും സുപ്രീം കേടതി നിരീക്ഷിച്ചു.

Content Highlight: Supreme Court rejects PIL on weapon trade between India and Israel

We use cookies to give you the best possible experience. Learn more