| Saturday, 28th August 2021, 11:33 am

ഐ.എസില്‍ ചേരാന്‍ ഇറാഖില്‍ പോയെന്ന ആരോപണം; യുവാവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.എസ് അംഗമെന്ന് ആരോപിക്കപ്പെട്ടയാള്‍ക്ക് ഹൈക്കോടതി നല്‍കിയ ജാമ്യാം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അരീബ് മജീദ് എന്ന യുവാവിന് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

ഭീകരവാദ സംഘടനയായ ഐ.എസില്‍ ചേരുന്നതിന് സിറിയയിലേക്കും ഇറാഖിലേക്കും യാത്ര ചെയ്തു എന്ന കുറ്റം ചുമത്തിയായിരുന്നു മജീദിനെ 2014 നവംബര്‍ 28ന് അറസ്റ്റ് ചെയതത്. ഈ വര്‍ഷം ഫെബ്രുവരി 23നായിരുന്നു മജീദിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, ജസ്റ്റിസ് എ.എസ്. ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നല്‍കിയ ജാമ്യം നിലനിര്‍ത്തി വിധി പറഞ്ഞത്. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച സമയത്ത് കര്‍ശന വ്യവസ്ഥകള്‍ വെച്ചിട്ടുണ്ട് എന്ന് കാണിച്ചായിരുന്നു സുപ്രീംകോടതി ജാമ്യം നിലനിര്‍ത്തിയത്. എന്‍.ഐ.എക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

മജീദ് ഭീകരനാണെന്നും മടങ്ങി വന്നത് പൊലീസ് ആസ്ഥാനത്ത് ബോംബിടാനാണെന്നുമായിരുന്നു ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് എന്‍.ഐ.എ വാദിച്ചത്.

ഹൈക്കോടതിയില്‍ തന്റെ കേസ് വാദിച്ചത് മജീദ് തന്നെയായിരുന്നു. തന്നെ ഇറാഖില്‍ നിന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി വഴി കൊണ്ടു വന്നത് എന്‍.ഐ.എ തന്നെയാണെന്നും താന്‍ യുദ്ധം ചെയ്‌തെന്ന പ്രോസിക്യൂഷന്‍ ആരോപണത്തിന് തെളിവില്ലെന്നും കാണിച്ചായിരുന്നു മജീദ് ജാമ്യം ആവശ്യപ്പെട്ടത്.

1 ലക്ഷം രൂപ കെട്ടിവെയ്ക്കാനും ജാമ്യവ്യവസ്ഥയില്‍ ആവശ്യപ്പെട്ടിരുന്നു. ദിവസവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ആഴ്ചയിലൊരിക്കല്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന് മുന്നിലും റിപ്പോര്‍ട്ട് ചെയ്യണമെന്നും വ്യവസ്ഥയിലുണ്ട്.

സ്‌പെഷ്യല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിന്മേല്‍ പ്രതികരിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്.

സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അരീബ് മജീദിനെ 2014 മെയ് മാസത്തില്‍ കാണാതാവുകയായിരുന്നു. ഐ.എസില്‍ ചേരുന്നതിനായി ഇന്ത്യ വിട്ടു എന്ന് കരുതപ്പെടുന്ന യുവാക്കളുടെ ആദ്യ സംഘത്തില്‍ പെട്ടയാളായിരുന്നു അരീബ് മജീദ്.

മജീദിന്റെ വിചാരണ ആറ് വര്‍ഷത്തിലധികം നീണ്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ജീവിക്കാനുള്ള അവകാശത്തെ നിര്‍വചിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21ല്‍ നീതിപൂര്‍വവും വേഗത്തിലുള്ളതുമായ വിചാരണയും ഉള്‍പ്പെടുന്നുണ്ടെന്നും ഇത് പ്രതിക്കും ബാധകമാണെന്നും വിചാരണ പെട്ടന്ന് തീരാനുള്ള സാധ്യത കാണുന്നില്ലെന്നും കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ, ജസ്റ്റിസ് മനിഷ് പിടാലെ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു മജീദിന് ജാമ്യം അനുവദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme court rejects NIA plea against bail granted by HC to IS Member

We use cookies to give you the best possible experience. Learn more