ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തന്നെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടിയെ ചോദ്യം ചെയ്ത് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഹൈക്കോടതിയില്‍ നിന്ന് ബദല്‍ പരിഹാരങ്ങള്‍ ലഭിക്കുമെന്നും നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതിന് പകരം അത്തരം സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
‘എഫ്.ഐ.ആറിനെയും റിമാന്‍ഡിനെയും നിങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. 32-ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയില്‍ ഹരജി നല്‍കാം, അതുപോലെ 482-ാം വകുപ്പ് പ്രകാരം ഹൈക്കോടതിയേയും നിങ്ങള്‍ക്ക് സമീപിക്കാം.
ആദ്യം അത്തരം സാധ്യതകള്‍ പരിശോധിക്കൂ,’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിലവില്‍ സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായിരുന്നു മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി നേതാക്കളും രംഗത്തെത്തിയിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.