ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധനവ് നടപ്പാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മെന്റ് ആവശ്യം സുപ്രീം കോടതി തള്ളി. നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങള്‍ മറികടന്നാണെന്നും ഇത് റദ്ദുചെയ്യണമെന്നുമായിരുന്നു മാനേജ്മെന്റുകളുടെ വാദം.
വേതനം നിശ്ചയിക്കാന്‍ സമിതിക്ക് രൂപം നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന് 960തോളം ആശുപത്രികളുടെ അസോസിയേഷന് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി വാദിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നിലനില്‍ക്കേ സുപ്രിംകോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിനായി കാക്കാമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി ഒരുമാസത്തിനകം തീര്‍പ്പാക്കാണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ലേബര്‍ കമ്മീഷണര്‍ ഇറക്കിയ ശമ്പള പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റ് ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതേതുടര്‍ന്നാണ് മാനേജ്മെന്റ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതോടെ പുതുക്കിയ മിനിമം വേതനമായ 20,000 രൂപ നല്‍കുന്നതില്‍ മാനേജ്‌മെന്റുകള്‍ക്ക് കാലതാമസം വരുത്താന്‍ ആകില്ലെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ കണക്കുകൂട്ടല്‍.
Watch DoolNews: