ഏകജാലകം വഴി പ്രവേശനം ലഭിച്ചവര്‍ കോളജ് മാറുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ട: സുപ്രീം കോടതി
Daily News
ഏകജാലകം വഴി പ്രവേശനം ലഭിച്ചവര്‍ കോളജ് മാറുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ട: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2014, 12:16 pm

supreme-court-01ന്യൂദല്‍ഹി: ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറുമ്പോള്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒഴിവുള്ള ആറ് സീറ്റുകളില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊല്ലം പുനലൂര്‍ സ്വദേശി എം.അബ്ദുള്‍സദ്ദാറിന്റെ മകള്‍ അമിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തനിക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ റാങ്കുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട ഓപ്ഷന്‍ ലഭിച്ചതായി ഹര്‍ജിയില്‍ അമിത ആരോപിച്ചിരുന്നു. നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥ നിയമവിരുദ്ധമാണ്. ഇഷ്ടമുള്ള മെഡിക്കല്‍ കോഴ്‌സ് പഠിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നെന്നും അമിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഉയര്‍ന്ന ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടും പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് അനുവദിച്ചിരുന്നില്ല. ബി.ഡി.എസിന് പ്രവേശനം ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്. കുറഞ്ഞ റാങ്ക് ലഭിച്ചവര്‍ക്ക് പ്രവേശനം നല്‍കിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

വിദ്യാര്‍ത്ഥികളില്‍നിന്ന് 10 ലക്ഷംരൂപ ഈടാക്കാന്‍ മാനേജുമെന്റുകള്‍ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വിജയഗോപാല ഗൗഡ, രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

അഡ്വ. പി.ബി സുരേഷ്, വിപിന്‍ നായര്‍, ഉദയാദിത്യ ബാനര്‍ജി എന്നിവരാണ് നമിതയ്ക്ക് വേണ്ടി ഹാജരായത്. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം.ആര്‍ രമേശ് ബാബു സര്‍ക്കാറിനുവേണ്ടി ഹാജരായി.