ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ധനസഹായം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ധനസഹായം നല്‍കുന്നതില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞു. ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും കേന്ദ്രം പറഞ്ഞിരുന്നു.