ബാലാജിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി; ഓഗസ്റ്റ് 15 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു
national news
ബാലാജിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി; ഓഗസ്റ്റ് 15 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th August 2023, 11:54 am

ന്യൂദല്‍ഹി: ഇ.ഡി. കസ്റ്റഡി അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹരജി തള്ളി സുപ്രീം കോടതി. ഓഗസ്റ്റ് 12 വരെ അഞ്ച് ദിവസത്തേക്ക് ബാലാജിയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ അറസ്റ്റ് ശരിവെച്ച മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് ബാലാജിയും അദ്ദേഹത്തിന്റെ പങ്കാളിയും നല്‍കിയ ഹരജിയാണ് കോടതി തള്ളിയിരിക്കുന്നത്. ഇവരുടെ ഹരജിക്കൊപ്പം ഇ.ഡി. നല്‍കിയ ഹരജിയും കോടതി പരിഗണിച്ചിരുന്നു.

അറസ്റ്റ് ചെയ്ത് 15 ദിവസം കഴിഞ്ഞാല്‍ ഇ.ഡിക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് സെന്തില്‍ വാദിച്ചു.

എന്നാല്‍ ഇ.ഡി. അറസ്റ്റ് ചെയ്ത രീതികള്‍ ശരിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം 15 ദിവസത്തിനപ്പുറം കസ്റ്റഡിയില്‍ വെക്കാമോ എന്ന് വിശാലമായ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് ഗതാഗത വകുപ്പിലെ ജീവനക്കാരുടെ നിയമനത്തില്‍ കോഴ വാങ്ങിയെന്നാണ് ബാലാജിക്കെതിരായ കേസ്. 2021ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന പ്രകാരമായിരുന്നു കേസെടുത്തത്. 2011നും 2015നും ഇടയില്‍ എ.ഐ.ഡി.എം.കെ സര്‍ക്കാരില്‍ ബാലാജി ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ആരോപണം.

ജൂണ്‍ 13ാം തിയ്യതിയായിരുന്നു ബാലാജിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ബാലാജി. തുടര്‍ന്ന് ശസ്ത്രക്രിയക്കും വിധേയനായി. പിന്നാലെയാണ് ബാലാജിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പങ്കാളി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിത്. എന്നാല്‍ ഹൈക്കോടതി ബാലാജിക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഇ.ഡി.ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബാലാജിക്ക് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും മുകുള്‍ റോത്തഗിയുമാണ് ഹാജരായത്.

CONTENT HIGHLIGHTS: Supreme Court rejects Balaji’s appeal; Until August 15, E.D. Released in custody