Advertisement
India
'സുരക്ഷ തുടരേണ്ട ഒരാവശ്യവുമില്ല'; ബാബ്‌റി കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 02, 08:01 am
Monday, 2nd November 2020, 1:31 pm

ന്യൂദല്‍ഹി: ബാബ്‌റി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ തനിക്ക് നല്‍കിപ്പോന്ന സുരക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച റിയട്ടേഴ്ഡ് ജഡ്ജി എസ്.കെ യാദവിന്റെ ആവശ്യം തള്ളി സുപ്രീം കോടതി.

ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയ കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ റിട്ടയേര്‍ഡ് ജഡ്ജി എസ്.കെ യാദവിന്റെ ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്.

ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മുന്‍ ജഡ്ജിന്റെ ആവശ്യം തള്ളിയത്. സുരക്ഷ ഇനിയും നീട്ടേണ്ട ഒരാവശ്യവും നിലവിലുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

സുപ്രീം കോടതിയില്‍ നിന്നും വിരമിക്കുന്ന അവസാന ദിവസമായിരുന്നു ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ എസ്.കെ യാദവ് വിധി പറഞ്ഞത്.

ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാരതി എന്നിവരടക്കം 32 പ്രതികളെയും വെറുതെ വിട്ടായിരുന്നു ഇദ്ദേഹം വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്.

തുടര്‍ന്ന് കേസിന്റെ പശ്ചാത്തലം കണക്കിലെടുത്ത് ജഡ്ജിക്ക് കോടതി സുരക്ഷ നല്‍കുകയായിരുന്നു. സുരക്ഷാ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് സുരക്ഷ തുടരണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീണ്ടും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

‘എസ്.കെ യാദവിന്റെ കത്ത് പരിശോധിച്ച ശേഷം സുരക്ഷ ഇനിയും തുടരുന്നത് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നില്ല,’ എന്നായിരുന്നു സുപ്രീം കോടതി ഇന്ന് ഉത്തരവില്‍ പറഞ്ഞത്.

മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് അന്ന് എസ്.കെ യാദവ് കോടതി അഭിപ്രായപ്പെട്ടിരുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളുകയായിരുന്നു.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലുമായിരുന്നു.

സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടു കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court rejects Babri Masjid case judge’s request seeking security extension